ലക്‌നൗ: വിവാഹിതരായ മുസ്ലീങ്ങള്‍ക്ക് ലിവിംഗ് ഇന്‍ റിലേഷന്‍ഷിപ്പിന് നിയമപരമായി അവകാശമുന്നയിക്കാനാകില്ലെന്ന് അലഹബാദ് ഹൈക്കോടതി. ഇസ്ലാമിക തത്വങ്ങളില്‍ ഇത് അനുവദിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് എ ആര്‍ മസൂദി, ജസ്റ്റിസ് എ കെ ശ്രീവാസ്തവ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്. സ്‌നേഹ ദേവി-മൊഹദ് ഷദാബ് ഖാന്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ ഉത്തരവ്.
മകളെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് ഷദാബ് ഖാനെതിരെ ദേവിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇരുവരും പൊലീസ് സംരക്ഷണം തേടി കോടതിയിലെത്തിയത്.
തങ്ങള്‍ ലിവിംഗ് ഇന്‍ റിലേഷന്‍ഷിപ്പിലാണെന്ന് ഇവര്‍ പറഞ്ഞു. മകളെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ദേവിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് ഇരുവരും കോടതിയെ സമീപിച്ചത്.
തങ്ങള്‍ പ്രായപൂര്‍ത്തിയായവരാണെന്നും സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം സ്വതന്ത്രമായി ഒരുമിച്ച് ജീവിക്കാന്‍ അവകാശമുണ്ടെന്നും ഇവര്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ തുടരന്വേഷണത്തിലാണ് ഷദാബ് ഖാന്‍ വിവാഹിതനാണെന്ന കാര്യം വ്യക്തമായത്. 2020ലായിരുന്നു ഇദ്ദേഹത്തിന്റെ വിവാഹം. ഈ ബന്ധത്തില്‍ ഇയാള്‍ക്ക് ഒരു കുട്ടിയുമുണ്ട്.
’’ വിവാഹബന്ധം നിലനില്‍ക്കെ ലിവിംഗ് ഇന്‍ റിലേഷനില്‍ ഏര്‍പ്പെടുന്നത് ഇസ്ലാമിക തത്വങ്ങള്‍ക്കെതിരാണ്. പ്രായപൂര്‍ത്തിയായ അവിവാഹിതരായ വ്യക്തികളായിരുന്നുവെങ്കില്‍ സ്ഥിതി വ്യത്യസ്തമായേനെ. അത്തരക്കാര്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ അവകാശമുണ്ട്,’’ എന്ന് കോടതി നിരീക്ഷിച്ചു.
ആര്‍ട്ടിക്കിള്‍ 21 അനുസരിച്ചുള്ള സംരക്ഷണം നല്‍കണമെന്ന് ഇരുവരും കോടതിയോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ തങ്ങള്‍ക്ക് മുന്നിലെത്തിയ കേസിന്റെ സാഹചര്യം വ്യത്യസ്തമാണെന്നും ഭരണഘടനാപരമായ ധാര്‍മ്മികതയും സാമൂഹിക ധാര്‍മ്മികതയും വ്യക്തികള്‍ പാലിക്കണമെന്നും കോടതി ഓര്‍മ്മിപ്പിച്ചു.