റാഞ്ചി: ഝാർഖണ്ഡ് ഗ്രാമവികസന മന്ത്രി ആലംഗീർ ആലത്തിനെ കള്ളപ്പണ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഇദ്ദേഹവുമായി ബന്ധമുള്ള രണ്ടുപേരിൽനിന്ന് കഴിഞ്ഞ ദിവസം ഇ.ഡി 34.5 കോടി രൂപ പിടിച്ചെടുത്തിരുന്നു.
പേഴ്സനൽ സെക്രട്ടറി സഞ്ജീവ് ലാൽ, സഞ്ജീവ് ലാലിന്റെ വീട്ടുജോലിക്കാരൻ ജഹാംഗീർ എന്നിവരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ആലംഗീറിനെ ചൊവ്വാഴ്ച ഇ.ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.
ജഹാംഗീറും ആലംഗീറും തമ്മിലുള്ള ബന്ധമാണ് ഇ.ഡി പ്രധാനമായി അന്വേഷിക്കുന്നത്. ഗ്രാമവികസന വകുപ്പിലെ മുകൾതട്ട് മുതൽ താഴെവരെയുള്ള നിരവധി ഉദ്യോഗസ്ഥർക്ക് കള്ളപ്പണ ഇടപാടുമായി ബന്ധമുള്ളതായാണ് ഇ.ഡി ആരോപണം.