സോളാറില്‍ പ്രവര്‍ത്തിക്കുന്ന കളനാശിനി യന്ത്രം അവതരിപ്പിച്ച് പതിനെട്ടുകാരന്‍. രാജസ്ഥാന്‍ സ്വദേശിയായ രാംധന്‍ ലോധയാണ് ഈ കണ്ടുപിടിത്തത്തിന് പിന്നില്‍. സുസ്ഥിരമായ കൃഷി പ്രോത്സാഹിപ്പിക്കുകയെന്നത് ലക്ഷ്യമിട്ടാണ് രാംധന്‍ ഈ നൂതന സംവിധാനം ഒരുക്കിയത്. സ്‌കേലര്‍ സ്‌കൂള്‍ ഓഫ് ടെക്‌നോളജിയ്ക്ക് കീഴില്‍ സംഘടിപ്പിച്ച ഇന്ത്യന്‍ സിലിക്കണ്‍വാലി ചലഞ്ചിലാണ് രാംധന്‍ തന്റെ ഈ നൂതന ആശയം അവതരിപ്പിച്ചത്.
ജൂറിയുടെ മനം കവര്‍ന്ന ഈ ആശയം കൂടുതല്‍ വികസിപ്പിക്കുന്നതിനായി ഇദ്ദേഹത്തിന് 1 ലക്ഷം രൂപ പുരസ്‌കാരമായി നല്‍കുകയും ചെയ്തു. കര്‍ഷകകുടുംബത്തില്‍ നിന്നുള്ളയാളാണ് രാംധന്‍. ഇദ്ദേഹത്തിന്റെ പിതാവ് ഒരു കര്‍ഷകനാണ്. അതുകൊണ്ട് തന്നെ കാര്‍ഷികമേഖലയിലെ വെല്ലുവിളികളെപ്പറ്റി വളരെ ചെറുപ്പത്തിലെ രാംധന്‍ മനസ്സിലാക്കിയിരുന്നു. കീടനാശിനികളുടെ ഉപയോഗം പരിസ്ഥിതിയ്ക്കും കുടുംബാരോഗ്യത്തിനും ദോഷം ചെയ്യുമെന്ന തിരിച്ചറിവില്‍ നിന്നുമാണ് ഇതിന് ബദല്‍ മാര്‍ഗ്ഗങ്ങള്‍ രൂപപ്പെടുത്തണമെന്ന ചിന്ത രാംധനില്‍ ഉദിച്ചത്.
‘ഒരു കര്‍ഷകകുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. അതുകൊണ്ട് തന്നെ കര്‍ഷകര്‍ അനുഭവിക്കുന്ന വെല്ലുവിളികളെപ്പറ്റി എനിക്ക് അറിയാമായിരുന്നു. പ്രത്യേകിച്ചും ആരോഗ്യകാര്യത്തില്‍ അവര്‍ നേരിടുന്ന വെല്ലുവിളികളാണ് എന്നെ ചിന്തിപ്പിച്ചത്. ഇതിനെല്ലാം പരിഹാരമായി പരിസ്ഥിതി സൗഹാര്‍ദ്ദപരമായ ഒരു സംവിധാനം ഒരുക്കണമെന്ന് എനിക്ക് തോന്നി,’’ രാംധന്‍ പറഞ്ഞു. ആ ചിന്തയാണ് സോളാറില്‍ പ്രവര്‍ത്തിക്കുന്ന കളനാശിനി യന്ത്രത്തിന്റെ നിര്‍മ്മാണത്തിലേക്ക് നയിച്ചതെന്ന് ഇദ്ദേഹം പറഞ്ഞു.
‘‘എന്റെ ഈ ആശയം അവതരിപ്പിക്കാന്‍ അവസരം തന്ന സ്‌കേലര്‍ സ്‌കൂള്‍ ഓഫ് ടെക്‌നോളജിയുടെ ഇന്ത്യന്‍ സിലിക്കണ്‍വാലി ചലഞ്ച് പരിപാടിയോടുള്ള നന്ദി ഈ അവസരത്തില്‍ രേഖപ്പെടുത്തുന്നു. ഇന്ത്യയിലെ എല്ലാ കര്‍ഷകരും എന്റെ ഈ യന്ത്രം ഉപയോഗിക്കുന്ന ഒരു ദിവസത്തിനായി ഞാന്‍ കാത്തിരിക്കുന്നു,’’ രാംധന്‍ കൂട്ടിച്ചേര്‍ത്തു. പൂര്‍ണ്ണമായും സോളാര്‍ എനര്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന കളനാശിനി യന്ത്രമാണ് ഇദ്ദേഹം കണ്ടെത്തിയത്.
ഇത് പരമ്പരാഗത കളനാശിനി സംവിധാനങ്ങള്‍ക്ക് ഒരു ബദല്‍ മാര്‍ഗ്ഗമായിരിക്കുമെന്ന് കരുതുന്നു. വിഷകീടനാശിനി ഉപയോഗിക്കുമ്പോഴുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെ ചെറുക്കാന്‍ ഇതിലൂടെ സാധിക്കും. സാമ്പത്തിക ഞെരുക്കങ്ങള്‍ക്കിടയിലും യന്ത്രം രൂപകല്‍പ്പന ചെയ്യാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. നാലഞ്ച് വര്‍ഷമെടുത്താണ് ഈ യന്ത്രം ഇന്നത്തെ രൂപത്തിലാക്കിയത്. കൂടാതെ രാംധനിന്റെ ഈ നൂതനാശയത്തിന് നാഷണല്‍ ചൈല്‍ഡ് സയന്റിസ്റ്റ് പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.