ബെംഗളൂരു: മുൻ കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്കെതിരെ ലൈംഗികാതിക്രമ പരാതി നൽകിയ സ്ത്രീ മരണപ്പെട്ടു. യെദ്യൂരപ്പയുടെ ഡോളേഴ്സ് കോളനിയിലെ വീട്ടിൽവെച്ച് പ്രായപൂർത്തിയാകാത്ത തന്റെ മകളെ പീഡിപ്പിച്ചതായി പരാതി നൽകിയ 53-കാരിയാണ് ബെംഗളൂരു ഹൂളിമാവിലെ സ്വകാര്യ ആശിപത്രിയിൽ മരിച്ചത്.
പരാതിക്കാരി ശ്വാസതടസത്തെ തുടർന്ന് മെയ് 26-ന് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നുവെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. ശ്വാസകോശ ക്യാൻസർ ആയിരുന്നുവെന്നും ചികിത്സയോട് പ്രതികരിക്കുന്നുണ്ടായിരുന്നില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കിയതായും പോലീസ് പറഞ്ഞു.
മാർച്ച് 14-നാണ് മരണപ്പെട്ട സ്ത്രീ യെദ്യൂരപ്പയ്ക്കെതിരെ സദാശിവനഗർ പോലീസ് സ്റ്റേഷനിൽ ലൈംഗികാതിക്രമ പരാതി നൽകിയത്. സംസ്ഥാന സർക്കാർ കേസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റിന് (സിഐഡി) കൈമാറിയിരുന്നു.
നിലവിൽ കേസ് അന്വേഷിക്കുന്ന സിഐഡി ഇരയുടെയും അമ്മയുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. 2015-ൽ മകളെ ബന്ധു ബലാത്സംഗം ചെയ്തുവെന്നും വിഷയത്തിൽ യെദ്യൂരപ്പയുടെ സഹായം തേടിയാണ് വീട്ടിലെത്തിയതെന്നും സ്ത്രീ നൽകിയ പരാതിയിൽ പറയുന്നു.