ചെന്നൈ: ലാപ്ടോപ് ചാർജ് ചെയ്യുന്നതിനിടെ നാമക്കൽ സ്വദേശി ഡോ. ശരണിത (32) ഷോക്കേറ്റു മരിച്ചു. കിൽപോക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്തിൽ പരിശീലനത്തിനെത്തിയ ശരണിത, അയനാവരത്തെ ഹോസ്റ്റൽ മുറിയിൽ ലാപ്ടോപ് ചാർജ് ചെയ്യുന്നതിനിടെയായിരുന്നു മരിച്ചത്.
ഞായർ രാവിലെ ഭർത്താവ് ഒട്ടേറെ തവണ ഫോൺ വിളിച്ചിട്ടും കിട്ടാത്തതിനെ തുടർന്ന് ഹോസ്റ്റൽ അധികൃതരെ വിവരം അറിയിച്ചു. മുറിയിലെത്തി നോക്കിയപ്പോൾ ചാർജർ കയ്യിൽ പിടിച്ച് അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോയമ്പത്തൂരിൽ ഡോക്ടറായ ഉദയകുമാറാണു ഭർത്താവ്. 5 വയസ്സുള്ള കുട്ടിയുണ്ട്.