ന്യൂഡല്‍ഹി: ആറ് നവജാതശിശുക്കള്‍ തീപിടിത്തത്തില്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ആശുപത്രി ഉടമ മൂന്ന് ആശുപത്രികള്‍ ലൈസന്‍സില്ലാതെ നടത്തുന്നുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. ചട്ടങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് (ഡി.ജി.എച്ച്.എസ്) ഉടമക്ക് നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിരുന്നെന്നാണ് റിപ്പോര്‍ട്ട്.
ശനിയാഴ്ച വിവേക് വിഹാര്‍ ബ്ലോക്ക് സി.യിലെ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. ഇതിന് ഏതാനും മീറ്ററുകള്‍ മാത്രം അകലെ ബ്ലോക്ക് ബി.യില്‍ നിയമവിരുദ്ധമായി മറ്റൊരു കുട്ടികളുടെ ആശുപത്രി നടത്തുന്നതിന് 2018-ല്‍ ഉടമ ഡോ. നവീന്‍ ഖിച്ചിക്കെതിരെ ഡി.ജി.എച്ച്.എസ് കോടതിയെ സമീപിച്ചിരുന്നു. നിയമ ലംഘനങ്ങളുടെ പേരില്‍ 2019ല്‍ ലൈസന്‍സ് റദ്ദാക്കിയിട്ടും പശ്ചിം പുരിയിലെ ആശുപത്രിയുടെ പ്രവര്‍ത്തനം തുടര്‍ന്നു. വര്‍ഷങ്ങള്‍ക്കുശേഷം 2022-ല്‍ ലൈസന്‍സ് ലഭിക്കുന്നത് വരെ നിയമവിരുദ്ധമായി ആശുപത്രി പ്രവര്‍ത്തിച്ചിരുന്നു.
നവീന്‍ ഖച്ചിയെ കൂടാതെ ഭാര്യയും ദന്തരോഗ ഡോക്ടറുമായ ജാഗ്രതിയും ചേര്‍ന്നാണ് ആശുപത്രികള്‍ നടത്തിയിരുന്നത്. ബേബി കെയര്‍ ന്യൂ ബോണ്‍ ഹോസ്പിറ്റല്‍ എന്ന പേരില്‍ പഞ്ചാബി ബാഗ്, ഡല്‍ഹി, ഫരീദാബാദ്, ഗുര്‍ഗാവ് എന്നിവിടങ്ങളിലും ഇയാള്‍ക്ക് പങ്കാളിത്തമുള്ള ആശുപത്രികളുണ്ടെന്നാണ് വിവരം.
ദാരുണ സംഭവത്തിന് പിന്നാലെ, ആശുപത്രി ഉടമ ഡോ. നവീന്‍ ഖിച്ചി, ഡോ. ആകാശ് എന്നിവര്‍ പൊലീസ് കസ്റ്റഡിയിലാണ്. ആശുപത്രിയില്‍ എമര്‍ജന്‍സി എക്‌സിറ്റ് സംവിധാനമില്ലെന്ന് ദുരന്തത്തിന് പിന്നാലെ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.