ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് ശ്രീനഗറിലേക്ക് പറന്നുയർന്ന ഇന്‍ഡിഗോ വിമാനം ആലിപ്പഴവർഷത്തിലും ആകാശചുഴിയിലും പെട്ടു. ഡല്‍ഹിയില്‍ നിന്ന് ശ്രീനഗറിലേക്ക് 227 യാത്രക്കാരുമായി പറന്ന ഇന്‍ഡിഗോ 6ഇ2142 വിമാനമാണ് അപകടത്തില്‍നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടത്.
ആടിയുലഞ്ഞ വിമാനം ശ്രീനഗര്‍ വിമാന താവളത്തിത്തിൽ അടിയന്തരമായി ഇറക്കി. യാത്ര ആരംഭിച്ച് 45-ാം മിനിറ്റിലാണ് മോശം കാലവസ്ഥ വിമാനത്തിന്റെ യാത്രയെ ബാധിച്ചെന്ന വിവരം പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ അറിയിച്ചത്. അടിയന്തര ലാന്‍ഡിങ്ങിന് അനുമതി തേടിയ വിമാനം വൈകീട്ട് 6.45 ന് സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അതേസമയം വിമാനത്തിന്റെ മുന്‍ഭാഗത്ത് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ആകാശച്ചുഴിയില്‍പ്പെട്ട് വിമാനം ശക്തമായി കുലുങ്ങുമ്പോള്‍ യാത്രക്കാര്‍ നിലവിളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിട്ടുണ്ട്. പെട്ടെന്നുണ്ടായ ശക്തമായ ആലിപ്പഴവര്‍ഷം ഉള്‍പ്പെടെ വിമാനത്തെ പ്രതിസന്ധിയിലാക്കിയെന്ന് ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു.