ന്യൂഡല്‍ഹി: തമിഴ്‌നാട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) എല്ലാ പരിധികളും ലംഘിക്കുകയാണെന്ന് സുപ്രീംകോടതി. ഇക്കഴിഞ്ഞ മാര്‍ച്ചിലും കഴിഞ്ഞ ആഴ്ചയിലും തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ നടത്തുന്ന മദ്യശാലകളില്‍ നടത്തിയ റെയ്ഡുകള്‍ പരാമര്‍ശിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ പരാമര്‍ശം. തമിഴ്നാട്ടില്‍ മദ്യ വില്‍പ്പന നടത്തുന്ന സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പ്പറേഷന് എതിരായി ഇഡി നടത്തുന്ന അന്വേഷണം സ്റ്റേ ചെയ്തുകൊണ്ടാണ്, ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായിയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ വിമര്‍ശനം.
ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഇ.ഡിയെ രൂക്ഷമായി വിമര്‍ശിച്ചത്. ‘ടാസ്മാക്കി’നെതിരായ എല്ലാ നടപടികളും നിര്‍ത്തിവെക്കാനും ഇ.ഡിയുടെ പ്രവര്‍ത്തനങ്ങള്‍ ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണെന്നും കോടതി പറഞ്ഞു.
1,000 കോടി രൂപയുടെ കണക്കില്‍ പെടാത്ത പണം കണ്ടെത്തിയതായും നിയമനങ്ങള്‍, ബാര്‍ ലൈസന്‍സ് എന്നിവയുമായി ബന്ധപ്പെട്ടും ക്രമക്കേട് കണ്ടെത്തിയതായി ഇ.ഡി പറഞ്ഞിരുന്നു. തമിഴ്‌നാട് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ബി.ജെ.പിയുടെ ശ്രമങ്ങള്‍ക്കേറ്റ പ്രഹരമാണ് കോടതി ഉത്തരവെന്ന് ഡി.എം.കെ നേതാവ് ആര്‍.എസ്. ഭാരതി പറഞ്ഞു. ഡി.എം.കെ ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മാര്‍ക്കറ്റിങ് കോര്‍പറേഷനും ഇ.ഡിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഇ.ഡിയുടെ നടപടിക്ക് മദ്രാസ് ഹൈകോടതി നേരത്തേ അനുമതി നല്‍കിയിരുന്നു.