ന്യൂഡല്‍ഹി: പഞ്ചാബ് സ്വദേശികളായ മൂന്നുപേരെ ഇറാനില്‍ കാണാതായി. പഞ്ചാബിലെ സംഗ്രൂര്‍ സ്വദേശി ഹുഷന്‍പ്രീത് സിങ്, എസ്ബിഎസ് നഗര്‍ സ്വദേശി ജസ്പാല്‍ സിങ്, ഹോഷിയാര്‍പുര്‍ സ്വദേശി അമൃത്പാല്‍ സിങ് എന്നിവരെയാണ് മേയ് ഒന്നാം തീയതി ടെഹ്‌റാനില്‍ വിമാനമിറങ്ങിയതിന് പിന്നാലെ കാണാതായത്. ഇവരെ ടെഹ്‌റാനില്‍നിന്ന് തട്ടിക്കൊണ്ടുപോയതാണെന്നാണ് നാട്ടിലെ ബന്ധുക്കള്‍ക്ക് ലഭിച്ച സന്ദേശം.
പഞ്ചാബിലെ ഏജന്റ് മുഖേന ഓസ്‌ട്രേലിയയിലേക്ക് യാത്രതിരിച്ചതായിരുന്നു മൂവരും. ദുബായ്-ഇറാന്‍ വഴി ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോകാമെന്നായിരുന്നു പഞ്ചാബിലെ ഹോഷിയാര്‍പുരിലെ ഏജന്റ് നല്‍കിയ വാഗ്ദാനം. തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍നിന്ന് യാത്രതിരിച്ച മൂവരും മേയ് ഒന്നാംതീയതി ഇറാനിലെ ടെഹ്‌റാനില്‍ വിമാനമിറങ്ങി. ടെഹ്‌റാനില്‍ താമസസൗകര്യം നല്‍കുമെന്നും ഏജന്റ് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, ടെഹ്‌റാനിലെത്തിയതിന് പിന്നാലെയാണ് മൂവരെക്കുറിച്ചും വിവരം ലഭിക്കാതിരുന്നതെന്നും പിന്നീടാണ് തട്ടിക്കൊണ്ടുപോയവരുടെ സന്ദേശം ലഭിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞു.
ഒരുകോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടാണ് യുവാക്കളെ തട്ടിക്കൊണ്ടുപോയവര്‍ ഇവരുടെ കുടുംബാംഗങ്ങളെ ബന്ധപ്പെട്ടത്. പണം നല്‍കിയില്ലെങ്കില്‍ മൂവരെയും കൊലപ്പെടുത്തുമെന്നും ഭീഷണി മുഴക്കി. കൈകളില്‍നിന്ന് ചോരയൊലിക്കുന്നനിലയില്‍ മൂവരെയും കെട്ടിയിട്ട വീഡിയോദൃശ്യങ്ങളും തട്ടിക്കൊണ്ടുപോയവര്‍ ബന്ധുക്കള്‍ക്ക് അയച്ചുനല്‍കി. അക്രമിസംഘത്തിന്റെ ഫോണില്‍നിന്ന് യുവാക്കളും ബന്ധുക്കളുമായി സംസാരിച്ചിരുന്നു. എന്നാല്‍, മേയ് 11-ാം തീയതിക്ക് ശേഷം തട്ടിക്കൊണ്ടുപോയവര്‍ തങ്ങളെ ബന്ധപ്പെട്ടിട്ടില്ലെന്നും യുവാക്കളുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു.
ഇറാനില്‍നിന്ന് മൂന്ന് പഞ്ചാബ് സ്വദേശികളെ കാണാതായതായി ഇറാനിലെ ഇന്ത്യന്‍ എംബസിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ കാണാനില്ലെന്ന് പറഞ്ഞ് കുടുംബങ്ങളുടെ പരാതി ലഭിച്ചതിന് പിന്നാലെ ഇറാന്‍ അധികൃതരെ വിവരമറിയിച്ചതായും ഇവരെ കണ്ടെത്താനും സുരക്ഷ ഉറപ്പാക്കാനും ഇറാന്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു.