പുണെ: പുണെയിലെ അഴുക്കുചാല്‍വെള്ളത്തില്‍ നാഷണല്‍ കെമിക്കല്‍ ലബോറട്ടറി കോവിഡ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. പുണെ നഗരത്തിലെ വിവിധ ഭാഗങ്ങളിലെ അഴുക്കുചാലുകളില്‍നിന്ന് ശേഖരിച്ച മലിനജലത്തിലാണ് കോവിഡിന് കാരണമായ സാര്‍സ് സി.ഒ.വി. 2 എന്ന വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്.
പുണെ നഗരസഭയുടെ നിര്‍ദേശപ്രകാരം നാഷണല്‍ കെമിക്കല്‍ ലബോറട്ടറി (എന്‍.സി.എല്‍.) കഴിഞ്ഞ ഡിസംബര്‍ മുതലാണ് ഇതേക്കുറിച്ചുള്ള ഗവേഷണങ്ങള്‍ തുടങ്ങിയത്.
അഴുക്കുചാലുകളിലെ വെള്ളം പരിശോധിച്ച് രോഗവ്യാപനം ഏതൊക്കെ പ്രദേശങ്ങളിലാണുള്ളതെന്ന് അറിയാനാണ് എന്‍.സി.എല്ലിനെ ചുമതലപ്പെടുത്തിയതെന്ന് മുനിസിപ്പല്‍ കമ്മിഷണര്‍ വിക്രംകുമാര്‍ പറഞ്ഞു. എന്‍.സി.എല്‍. നല്‍കുന്ന നിര്‍ദേശപ്രകാരം തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് രോഗികളുള്ള പ്രദേശത്തിലെ അഴുക്കുചാലില്‍ രോഗാണുക്കളെ കണ്ടെത്തുകവഴി ആ പ്രദേശത്ത് വൈറസിന്റെ സാന്നിധ്യം ഉറപ്പിക്കാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
പതിവുപരിശോധനകള്‍ മറികടന്ന് അറിയപ്പെടാതെ പോകുന്ന ഹോട്ട് സ്‌പോട്ടുകളെ കണ്ടെത്താന്‍ ഈ മാര്‍ഗം സഹായകമാകുമെന്നാണ് ന്യൂകാസില്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നത്. നേരത്തേ, നെതര്‍ലന്‍ഡ്‌സിലെ പ്രധാന നഗരങ്ങളില്‍നിന്നുള്ള അഴുക്കുചാല്‍വെള്ളത്തിലും വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.