മുസാഫര്‍നഗര്‍: സ്ത്രീധനമായി ലഭിച്ച പണവും ആഭരണങ്ങളും വിവാഹവേദിയില്‍ പ്രദര്‍ശിപ്പിക്കുന്ന വീഡിയോ വൈറലായതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. ഉത്തര്‍പ്രദേശിലെ ഷംലിയില്‍ നടന്ന വിവാഹത്തെക്കുറിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. പോലീസിനൊപ്പം ആദായനികുതി വകുപ്പും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഷംലിയില്‍ നടന്ന ഒരു വിവാഹത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിലാണ് സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. വിവാഹവേദിയില്‍വെച്ച് സ്ത്രീധനത്തെക്കുറിച്ച് പൊങ്ങച്ചം പറയുന്നതും സ്ത്രീധനമായി ലഭിച്ച പണവും ആഭരണങ്ങളും പ്രദര്‍ശിപ്പിക്കുന്നതുമാണ് വീഡിയോയിലുണ്ടായിരുന്നത്.
ഏകദേശം 41 ലക്ഷം രൂപയുടെ നോട്ടുകെട്ടുകള്‍ പാത്രങ്ങളില്‍ അടുക്കിവെച്ചാണ് പ്രദര്‍ശിപ്പിച്ചിരുന്നത്. ഇതോടൊപ്പം ആഭരണങ്ങളും ഒരു എസ്.യു.വിയുടെ താക്കോലും ഉണ്ടായിരുന്നു. ഈ വീഡിയോയ്ക്ക് പുറമേ വധു ഒട്ടേറെ ആഭരണങ്ങള്‍ ധരിച്ചിരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ സ്ത്രീധനവിവാഹത്തെ എതിര്‍ത്ത് ഒട്ടേറെപേര്‍ രംഗത്തെത്തി. ഇതിനുപിന്നാലെയാണ് പോലീസും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചത്.
ഗുജറാത്തിലെ സൂറത്തില്‍ വസ്ത്രവ്യാപാരിയായ ഷംലി സ്വദേശിയുടെ മകളുടെ വിവാഹചടങ്ങിന്റെ ദൃശ്യങ്ങളാണിതെന്ന് പിന്നീട് തിരിച്ചറിഞ്ഞു. ഷംലി സ്വദേശിയും കര്‍ണാടകയില്‍ വസ്ത്രവ്യാപാരിയുമായ യുവാവായിരുന്നു വരന്‍.ഏകദേശം ഒരു കോടിയിലേറെ രൂപയുടെ സ്ത്രീധനം ഇയാള്‍ വാങ്ങിയിട്ടുണ്ടെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം.