ന്യൂഡല്‍ഹി: മാര്‍ച്ച് 27 മുതല്‍ ഷെഡ്യൂള്‍ ചെയ്ത വാണിജ്യ രാജ്യാന്തര പാസഞ്ചര്‍ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കേന്ദ്ര അനുമതി.
ഏകദേശം രണ്ട് മാസത്തിന് ശേഷമാണ് സര്‍വീസുകള്‍ പുനരാരംഭിക്കുന്നത്. ഈ വര്‍ഷത്തെ വേനല്‍ക്കാല ഷെഡ്യൂളില്‍ ഇന്ത്യ ആഴ്ചയില്‍ 3200 രാജ്യാന്തര വിമാനസര്‍വീസ് നടത്തുമെന്ന് ഏവിയേഷന്‍ റെഗുലേറ്റര്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) അറിയിച്ചു.
ഇന്ത്യന്‍ വിമാനക്കമ്ബനികള്‍ക്കായി 27 രാജ്യങ്ങളിലെ 43 സ്ഥലങ്ങളിലേക്ക് ആഴ്ചയില്‍ 1466 പുറപ്പെടലുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്ന് ഏവിയേഷന്‍ റെഗുലേറ്റര്‍ പറഞ്ഞു. അതേസമയം, ആഴ്ചയില്‍ 1783 വിദേശ എയര്‍ലൈനുകളാണ് പുറപ്പെടുന്നത്. ഇതിനായി 40 രാജ്യങ്ങളില്‍ നിന്നുള്ള 60 വിദേശ വിമാനക്കമ്ബനികള്‍ക്കാണ് അനുമതി ലഭിച്ചത്. മാര്‍ച്ച് 27 മുതല്‍ ഒക്ടോബര്‍ 29 വരെയാണ് 2022 സമ്മര്‍ ഷെഡ്യൂള്‍ പ്രാബല്യത്തില്‍ വരുന്നത്.
ഷെഡ്യൂള്‍ അനുസരിച്ച്, ലോ-ബജറ്റ് കാരിയര്‍ ഇന്‍ഡിഗോ ആഴ്ചയില്‍ 505 പുറപ്പെടലുകള്‍ നടത്തും. തൊട്ടുപിന്നില്‍ ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ ആഴ്ചയില്‍ 361 ഉം എയര്‍ ഇന്ത്യ എക്സ്പ്രസ് 340, സ്പൈസ് ജെറ്റ് 130, ഗോ എയര്‍ (ഗോ ഫസ്റ്റ്) 74, വിസ്താര 56 പുറപ്പെടല്‍ സര്‍വ്വീസ് നടത്തും.
എമിറേറ്റ്‌സ് പോലുള്ള ഗള്‍ഫ് അധിഷ്ഠിത വിമാനക്കമ്ബനികള്‍ ആഴ്ചയില്‍ 170 പുറപ്പെടല്‍ സര്‍വീസുകള്‍ നടത്തും. ഒമാന്‍ എയര്‍ 115, എയര്‍ അറേബ്യ 110, ഖത്തര്‍ എയര്‍വേയ്‌സ് 99, ഗള്‍ഫ് എയര്‍ 82, എത്തിഹാദ് എയര്‍വേസ് 80, സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് 63, കുവൈത്ത് എയര്‍വേയ്‌സ് 56 എന്നിങ്ങനെ സര്‍വ്വീസ് നടത്തും.
ശ്രീലങ്ക എയര്‍ലൈന്‍സ് ആഴ്ചയില്‍ 128, സിംഗപ്പൂര്‍ എയര്‍ലൈന്‍സ് 65, ബ്രിട്ടീഷ് എയര്‍വേസ് 49, തായ് എയര്‍വേസ് 36, ലുഫ്താന്‍സ ജര്‍മ്മന്‍ 32, മലേഷ്യ എയര്‍ലൈന്‍സ് 30, ജപ്പാന്‍ എയര്‍ലൈന്‍സ് 22, എയര്‍ ഫ്രാന്‍സ് 20, കെ.എല്‍.എം റോയല്‍ ഡച്ച് എയര്‍ലൈന്‍സ് 18, എയറോഫ്ലോട്ട് റഷ്യന്‍ എയര്‍ലൈന്‍സ് 6 പുറപ്പെടല്‍ സര്‍വ്വീസ് നടത്തും.
കൂടാതെ, സലാം എയര്‍, എയര്‍ അറേബ്യ അബുദാബി, ക്വാണ്ടാസ്, അമേരിക്കന്‍ എയര്‍ലൈന്‍ തുടങ്ങിയ എയര്‍ലൈനുകള്‍ക്ക് ഇന്ത്യയിലേക്കും പുറത്തേക്കും സര്‍വീസ് നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.