ന്യൂദല്‍ഹി: യുവജനതയെ ചെറിയ കാലത്തേക്ക് സൈന്യത്തിന്റെ ഭാഗമാക്കാനുള്ള സുപ്രധാന പദ്ധതി പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേരുന്ന കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ അന്തിമ തീരുമാനമെടുക്കും. ഉച്ചയ്ക്ക് ശേഷം നാഷണല്‍ മീഡീയാ സെന്ററില്‍ കേന്ദ്രവാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂര്‍ പദ്ധതി സംബന്ധിച്ച വിശദ വിവരങ്ങള്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന.
അഗ്നിപഥ് പ്രവേശ് യോജന എന്ന പേരില്‍ അഞ്ചു വര്‍ഷത്തെ ഷോര്‍ട്ട് സര്‍വ്വീസ് സംവിധാനം വഴി ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് സൈനിക പരിശീലനം നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. നിര്‍ബന്ധിത സൈനിക സേവനം എന്ന വിദേശ മാതൃകയിലാണോ പദ്ധതിയെന്ന് വ്യക്തമല്ല. ഇത്തരത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവരില്‍ ഏറെ മികവ് പ്രകടിപ്പിക്കുന്നവര്‍ക്ക് തുടര്‍ന്നും സൈന്യത്തിന്റെ ഭാഗമായി തുടരാം. അല്ലെങ്കില്‍ മറ്റു തൊഴില്‍ മേഖലകളിലേക്ക് മാറാം. ഇവര്‍ക്ക് പെന്‍ഷനോ മറ്റു സേവന വേതന വ്യവസ്ഥകളോ ലഭിക്കില്ല.
സമൂഹത്തെ സൈന്യവുമായി കൂടുതല്‍ ബന്ധിപ്പിച്ചു നിര്‍ത്തുന്നതിന് യുവാക്കള്‍ക്ക് സൈനിക സേവനം നല്‍കുന്നത് സഹായിക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. സൈനിക പരിശീലനം വ്യക്തിത്വ വികസനത്തിനും ദേശീയതാ ബോധം ശക്തിപ്പെടുത്തുന്നതിനും സഹായിക്കും. ഇസ്രയേല്‍, യുഎഇ, തുര്‍ക്കി, റഷ്യ, ഇറാന്, ബ്രസീല്‍, തെക്കന്‍ കൊറിയ, വടക്കന്‍ കൊറിയ, തായ്ലന്ഡ്. സിംഗപ്പൂര്‍, ബെര്‍മുഡ, സൈപ്രസ്, ഗ്രീസ്, മെക്സിക്കോ, സ്വിറ്റ്സര്‍ലന്‍ഡ്് തുടങ്ങിയ പതിനഞ്ചോളം രാജ്യങ്ങളില്‍ നിര്‍ബന്ധിത സൈനിക സേവനമുണ്ട്.