ഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയില്‍ തങ്ങള്‍ പ്രതീക്ഷിച്ച പ്രതികരണം ഉണ്ടായില്ലെന്ന് ഗുസ്തി താരവും സാക്ഷി മാലിക്കിന്റെ ഭര്‍ത്താവുമായ സത്യവ്രത് കാഡിയൻ.
ഈ സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ സമരം ശക്തമാക്കാനാണ് തീരുമാനമെന്നും കാഡിയൻ പറഞ്ഞു. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കേന്ദ്ര ആഭ്യന്തര മന്ത്രിയില്‍ നിന്നും സമരക്കാര്‍ പ്രതീക്ഷിച്ച പ്രതികരണമല്ല ഉണ്ടായത്. സമരത്തില്‍ നിന്നും ഒരടി പോലും പിന്നോട്ട് പോകില്ല. പ്രതിഷേധ പരിപാടികള്‍ ശക്തമാക്കുന്നത് സംബന്ധിച്ച് ഉടൻ തീരുമാനം കൈക്കൊള്ളും’, കാഡിയൻ വ്യക്തമാക്കി.
ലൈംഗിക ആരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണിനെതിരെ നടിപടി ആവശ്യപ്പെട്ട് ഞായറാഴ്ച രാത്രിയായിരുന്നു ഗുസ്തി താരങ്ങള്‍ കൂടിക്കാഴ്ച നടത്തിയത്. ബജ്റംഗ് പുനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, സംഗീത ഫോഗട്ട് എന്നിവരായിരുന്നു കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്. ബ്രിജ് ഭൂഷണിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ കേന്ദ്രസര്‍ക്കാരിന് അന്ത്യശാസനം നല്‍കിയിരുന്നു. ഇത് ഞായറാഴ്ച അവസാനിച്ചതോടെയാണ് താരങ്ങള്‍ കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ചക്ക് ഒരുങ്ങിയത്.
അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുൻപ് താരങ്ങള്‍ കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. സമരക്കാരുടെ ആവശ്യത്തില്‍ സുതാര്യമായ നടപടികള്‍ സ്വീകരിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
അതിനിടെ അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഗുസ്തി താരങ്ങളുടെ സമരത്തില്‍ നിന്നും പിൻമാറിയെന്ന വാര്‍ത്തകള്‍ തള്ളി സാക്ഷി മാലിക് രംഗത്തെത്തി. താനടക്കം ഒരു താരവും സമരത്തില്‍ നിന്നും പിൻമാറിയിട്ടില്ലെന്നും ജോലിക്കൊപ്പം തന്നെ പോരാട്ടം തുടരുമെന്നും സാക്ഷി മാലിക് വ്യക്തമാക്കി.