ബെംഗളൂരു: കര്‍ണാടകയില്‍ ഇന്ന് മുതല്‍ സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ബസുകളില്‍ സൗജന്യ യാത്ര. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായ ശക്തി പദ്ധതി ഇന്ന് മുതല്‍ സംസ്ഥാനത്ത് നിലവില്‍ വന്നു.
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍, ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു.
സൗജന്യ ബസ് യാത്രാ പദ്ധതി സാമൂഹിക സമത്വത്തിനാണ് എന്നും ന്യൂനപക്ഷങ്ങള്‍ക്കും സ്ത്രീകള്‍ക്കും അവശത അനുഭവിക്കുന്ന വിഭാഗങ്ങള്‍ക്കും ഇത് പ്രയോജനപ്പെടുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഒരു സമൂഹം അഭിവൃദ്ധിപ്പെടണമെങ്കില്‍ സ്ത്രീകളും പുരുഷന്‍മാര്‍ക്കൊപ്പമെത്തണം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ നീക്കം തൊഴില്‍ ശക്തിയില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. അതേസമയം സൗജന്യ ബസ് യാത്രാ പദ്ധതി മൂലം റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ക്ക് ഒരു തരത്തിലുള്ള നഷ്ടവും സംഭവിക്കില്ലെന്ന് രാമലിംഗ റെഡ്ഡി വാഗ്ദാനം ചെയ്തു. ആര്‍ടിസിയെ സാമ്ബത്തികമായി സഹായിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ശക്തി പദ്ധതി ഏറ്റവും കുറഞ്ഞത് 10 വര്‍ഷമെങ്കിലും തുടര്‍ന്ന് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.