ന്യൂഡല്‍ഹി: 18ാം ലോക്‌സഭയിലേക്ക് ജയിച്ചുകയറിയത് നിരവധി ചലച്ചിത്ര താരങ്ങള്‍. കങ്കണ റണാവത്ത് മുതല്‍ ഹേമമാലിനിവരെ ഏറ്റവും കൂടുതല്‍ ‘സെലിബ്രിറ്റി’കളുള്ളത് ബി.ജെ.പിയില്‍നിന്നാണ്. ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍നിന്ന് കോണ്‍ഗ്രസിന്റെ വിക്രമാദിത്യ സിങ്ങിനെ തോല്‍പിച്ചാണ് കങ്കണയുടെ കന്നി പ്രവേശം. രാമായണം സീരിയലില്‍ രാമന്റെ വേഷമിട്ട അരുണ്‍ ഗോവില്‍ മീററ്റില്‍നിന്ന് കടുത്ത മത്സരത്തില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ സുനിത യാദവിനെ തോല്‍പിച്ചാണെത്തുന്നത്. മഥുരയില്‍നിന്ന് ഹാട്രിക് വിജയവുമായാണ് ‘ഡ്രീം ഗേള്‍’ ഹേമമാലിനി വീണ്ടും എം.പിയായത്.
കടുത്ത ഭരണവിരുദ്ധ വികാരത്തിനിടയിലും താരത്തിളക്കമാണ് ഹേമമാലിനിക്കും അരുണ്‍ ഗോവിലിനും തുണയായത്. ഭോജ്പൂരി നടനും ഗായകനുമായ മനോജ് തിവാരിക്കും ഇത് ഹാട്രിക് ജയം. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ യുവ നേതാവ് കനയ്യ കുമാറാണ് തിവാരിക്ക് മുന്നില്‍ അടിയറവ് പറഞ്ഞത്. യു.പിയിലെ ഗൊരഖ്പൂരില്‍നിന്ന് പ്രശസ്ത ഭോജ്പൂരി നടന്‍ രവി കിഷന്‍ ജയിച്ചിട്ടുണ്ട്. കേരളത്തില്‍നിന്ന് സുരേഷ് ഗോപിയാണ് ജയിച്ചവരിലെ സിനിമ താരം.
പശ്ചിമ ബംഗാളിലെ അസന്‍സോളില്‍നിന്ന് ഗംഭീര ജയവുമായി ശത്രുഘ്‌നന്‍ സിഹ്ന വീണ്ടും ലോക്‌സഭയിലെത്തി. എ.ബി. വാജ്‌പേയി മന്ത്രിസഭയില്‍ അംഗമായിരുന്ന ശത്രു പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസിലെത്തുകയായിരുന്നു.
ബംഗാളില്‍നിന്ന് നിരവധി താരങ്ങള്‍ ജയിച്ചു. മേദിനിപൂരില്‍ ബംഗാളി നടന്‍ ജൂണ്‍ മലിയയും ബിര്‍ഭൂമില്‍ മൂന്നുതവണ എം.പിയും നടനുമായ ശതാബ്ദി റോയിയും ഹൂഗ്ലിയില്‍ നടി രചന ബാനര്‍ജിയും ഘട്ടലില്‍ നടന്‍ ദേവ് അധികാരിയും തൃണമൂല്‍ ടിക്കറ്റില്‍ ജയിച്ചു. നടനും ജനസേന പാര്‍ട്ടി അധ്യക്ഷനുമായ പവന്‍ കല്യാണ്‍ ആന്ധ്ര നിയമസഭ തെരഞ്ഞെടുപ്പിലും മുന്നേറി. സിനിമ താരങ്ങള്‍ രാഷ്ട്രീയത്തിലിറങ്ങുന്ന ശീലം തുടങ്ങിയ ദക്ഷിണേന്ത്യയില്‍ ഇത്തവണ മത്സരിച്ച താരങ്ങള്‍ വളരെ ചുരുക്കമാണ്. ഹിന്ദി സിനിമയിലെ ജനപ്രിയ മുഖങ്ങളായ നര്‍ഗീസ്, സുനില്‍ ദത്ത്, രാജേഷ് ഖന്ന, വിനോദ് ഖന്ന, അമിതാഭ് ബച്ചന്‍ തുടങ്ങിയവര്‍ നേരത്തേ എം.പിമാരായിട്ടുണ്ട്.