ആഗോള സാങ്കേതിക വിദഗ്ധനും ടെസ്‌ല സ്ഥാപകനുമായ ഇലോൺ മസ്‌കിനെ ഇവിഎം ഹാക്ക് ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്ന് ആന്ധ്രാപ്രദേശ് ബിജെപി അധ്യക്ഷ ഡി. പുരന്ദേശ്വരി. നിർമിത ബുദ്ധിയോ മനുഷ്യരോ ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഹാക്ക് ചെയ്യാൻ സാധ്യതയുണ്ടെന്ന് മസ്ക് നേരത്തെ പറഞ്ഞിരുന്നു. മസ്കിന്റെ അവകാശവാദത്തോട് പ്രതികരിക്കുകയായിരുന്നു അവർ.
“ഇലോൺ മസ്‌കിൻ്റെ അഭിപ്രായത്തിൽ, ഏത് ഇവിഎമ്മും ഹാക്ക് ചെയ്യാം. ഞങ്ങളുടെ ഇവിഎമ്മുകൾ ഹാക്ക് ചെയ്യാൻ കഴിയുമെങ്കിൽ അദ്ദേഹത്തെ ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യർത്ഥിക്കുന്നു, ”എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ ബിജെപി അധ്യക്ഷ കുറിച്ചു. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നിരവധി അവസരങ്ങൾ നൽകിയിട്ടും ആരും വിജയിച്ചിട്ടില്ലെന്നും പുരന്ദേശ്വരി ചൂണ്ടിക്കാട്ടി. ഇവിഎം തെരഞ്ഞെടുപ്പുകളില്‍ നിന്ന് ഒഴിവാക്കണമെന്ന് ജൂൺ 15ന് പങ്കുവെച്ച ഒരു പോസ്റ്റിൽ ഇലോണ്‍ ആവശ്യപ്പെട്ടിരുന്നു.
“നിർമിത ബുദ്ധിയോ മനുഷ്യരോ ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഹാക്ക് ചെയ്യാനുള്ള സാധ്യതയുണ്ട്. അതിനാൽ ഇവിഎമ്മുകൾ നമ്മൾ ഒഴിവാക്കണം,” എക്സില്‍ മസ്ക് കുറിച്ചു. ഇന്ത്യയിലടക്കം ഇവിഎമ്മിൽ തിരിമറി നടക്കുന്നുണ്ടെന്ന ആശങ്ക ശക്തമായി നിലനില്‍ക്കെയായിരുന്നു മസ്കിന്റെ പരാമർശം. പിന്നാലെ ഇത് വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കുമാണ് വഴിവെച്ചത്.
മുംബൈ നോർത്ത് വെസ്റ്റ് ലോക്‌സഭ സീറ്റില്‍ വോട്ടിങ് യന്ത്രം (EVM) ഹാക്ക് ചെയ്തുവെന്ന ആരോപണങ്ങളും ഉയർന്നിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയിരുന്നു. ഇവിഎം അണ്‍ലോക്ക് ചെയ്യുന്നതിനായി ഫോണ്‍ ഉപയോഗിച്ചുവെന്നാണ് പ്രതിപക്ഷം ആരോപിച്ചത്. എന്നാൽ ആശയവിനിമയത്തിനുള്ള സംവിധാനങ്ങളൊന്നുമില്ലാത്ത ഒരു ഉപകരണമാണ് വോട്ടെണ്ണല്‍ യന്ത്രമെന്നും ഇതിന് പ്രവർത്തിക്കാൻ ഒടിപി ആവശ്യമില്ലെന്നും റിട്ടേണിങ് ഓഫീസർ വന്ദന സൂര്യവംശി വ്യക്തമാക്കിയിരുന്നു. വോട്ടെണ്ണൽ കേന്ദ്രത്തിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിച്ചെന്നാരോപിച്ച് ശിവസേന (ഏഖ്‌നാഥ് ഷിൻഡെ വിഭാഗം) എംപി രവീന്ദ്ര വൈക്കറിൻ്റെ ബന്ധുവിനെതിരെ കേസെടുത്ത പശ്ചാത്തലത്തിലാണ് ഉദ്യോഗസ്ഥ വിശദീകരണം നൽകിയത്. മുംബൈ നോർത്ത് വെസ്റ്റ് ലോക്‌സഭാ സീറ്റിലെ വോട്ടെണ്ണൽ വേളയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ച എല്ലാ പ്രോട്ടോക്കോളുകളും പാലിച്ചിട്ടുണ്ടെന്നും വന്ദന സൂര്യവൻഷി വ്യക്തമാക്കിയിരുന്നു.