ന്യൂഡല്‍ഹി : സ്വന്തം ഇഷ്ടപ്രകാരം കുറെക്കാലം ഒരുമിച്ചു ജീവിച്ചശേഷം, ബന്ധം വഷളാകുമ്ബോള്‍ ആവര്‍ത്തിച്ചുള്ള പീഡനം ആരോപിച്ച് പങ്കാളിക്കെതിരെ നല്‍കുന്ന പരാതി നിലനില്‍ക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ആവര്‍ത്തിച്ചുള്ള പീഡനം സംബന്ധിച്ച 376(2)എന്‍ വകുപ്പ് ബാധകമാകില്ലെന്നു വിശദീകരിച്ച കോടതി, ഇത്തരമൊരു കേസിലെ പ്രതിക്കു മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. നേരത്തെ പ്രതിക്കു രാജസ്ഥാന്‍ ൈഹക്കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഈ ഉത്തരവ് ജഡ്ജിമാരായ ഹേമന്ദ് ഗുപ്ത, വിക്രം നാഥ് എന്നിവരുടെ ബെഞ്ച് റദ്ദാക്കി.
ഒരുമിച്ചു ജീവിച്ചപ്പോള്‍ കുട്ടി ജനിച്ചെങ്കിലും പങ്കാളി വിവാഹവാഗ്ദാനം പാലിച്ചില്ലെന്ന് ആരോപിച്ചാണ് സ്ത്രീ പീഡനപരാതി നല്‍കിയത്. പ്രതിക്കെതിരെ 376(2)എന്‍, 377(പ്രകൃതിവിരുദ്ധ പീഡനം), 506(കുറ്റകരമായ ഭീഷണി) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണു കേസെന്നതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കാന്‍ കഴിയില്ലെന്നായിരുന്നു ഹൈക്കോടതി നിലപാട്.
എന്നാല്‍, 4 വര്‍ഷം ബന്ധം നീണ്ടെന്നും പരാതിക്കാരിക്ക് 21 വയസുള്ളപ്പോഴാണ് ബന്ധം തുടങ്ങിയതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. സമ്മതപ്രകാരമാണു യുവതി എതിര്‍കക്ഷിക്കൊപ്പം ജീവിച്ചത്. എന്നാല്‍, മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കുന്നതുമായി ബന്ധപ്പെട്ടാണു തങ്ങളുടെ നിരീക്ഷണങ്ങളെന്നും കേസന്വേഷണത്തെ അതു സ്വാധീനിക്കരുതെന്നും കോടതി വ്യക്തമാക്കി.