ഒഡീഷയിലെ ബാലേശ്വറില്‍ നടന്ന ട്രെയിൻ അപകടത്തില്‍ അട്ടിമറിയില്ലെന്ന് റെയില്‍വേയുടെ അന്വേഷണ റിപ്പോര്‍ട്ട്. സംഭവത്തില്‍ അട്ടിമറി ഉണ്ടായിരിക്കാൻ സാധ്യതയുണ്ടെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് മുൻപ് ചൂണ്ടിക്കാണിച്ചിരുന്നു.
എന്നാല്‍ അതിനെ പാടെ തള്ളിക്കളയുന്ന റിപ്പോര്‍ട്ടാണ് കമ്മീഷണര്‍ ഓഫ് റെയില്‍വേ സേഫ്റ്റി സമര്‍പ്പിച്ചിരിക്കുന്നത്. ചില ജീവനക്കാരുടെ വീഴ്ചകളാണ് അപകടത്തിന് കാരണം എന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ രണ്ടിനാണ് മൂന്നൂറോളം ആളുകളുടെ മരണത്തിനിടയാക്കിയ ട്രെയിനപകടം നടന്നത്. സംഭവത്തില്‍ ആയിരത്തിലധികം പേര്‍ക്ക് പരിക്കേറ്റിരുന്നു.
റിപ്പോര്‍ട്ടിലെ വിശദ വിവരങ്ങള്‍ റെയില്‍വേ പുറത്തുവിട്ടിട്ടില്ല. റിപ്പോര്‍ട്ട് പുറത്തു വരുന്നത് സംഭവത്തില്‍ നടക്കുന്ന സി.ബി.ഐ അന്വേഷണത്തെ ബാധിക്കും എന്നാണ് റെയില്‍വേയുടെ വാദം. റിപ്പോര്‍ട്ട് ഇപ്പോള്‍ പൊതുജനങ്ങള്‍ക്കു മുന്നില്‍ പരസ്യപ്പെടുത്തുന്നില്ല എന്നും റെയില്‍വേ അറിയിച്ചു. സംഭവം നടന്നതിനു തൊട്ടുപിന്നാലെ, അശ്വിനി വൈഷ്ണവ് സിഗ്നലിംഗില്‍ ഉണ്ടായ പാകപ്പിഴകള്‍ ചൂണ്ടിക്കാണിക്കുകയും അപകടത്തിനു പിന്നില്‍ അട്ടിമറി നടന്നിരിക്കാനുള്ള സാധ്യത ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു.