ചെന്നൈ:അഴിമതിക്കേസ് പൊടിതട്ടിയെടുത്ത് സ്റ്റാലിൻ സര്‍ക്കാരിലെ മറ്റൊരു മന്ത്രിയെ കൂടി അറസ്റ്റ് ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്‌ട്രേറ്റ്.
മണിക്കൂറുകള്‍ നീണ്ടുനിന്ന റെയ്ഡിന് പിന്നാലെ തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊന്മുടിയെ ഇ ഡി കസ്റ്റഡിയിലെടുക്കുകയായിരുന്നു. മന്ത്രിയെ നിലവില്‍ ഇ ഡി ഓഫീസിലെത്തിച്ചിരിക്കുകയാണ്. കണക്കില്‍പ്പെടാത്ത 70 ലക്ഷം രൂപയും ലക്ഷങ്ങളുടെ വിദേശനാണ്യ ശേഖരവും മന്ത്രിയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തതായാണ് വിവരം.
കെ പൊന്മുടിയുടെ വില്ലുപുരത്തെ വീട് ഉള്‍പ്പെടെ ഒമ്ബത് ഇടങ്ങളിലാണ് ഇ ഡി ഇന്ന് പരിശോധന നടത്തിയത്. രാവിലെ ഏഴ് മണി മുതലാണ് റെഡ്‌ഡ് ആരംഭിച്ചത്. പൊന്മുടിയുടെ മകനും കള്ളക്കുറിച്ചി എം പിയുമായ ഗൗതം ശിവമണിയുടെ വീട്ടിലും വിഴുപ്പുറത്തെ സൂര്യ എഞ്ചിനീയറിംഗ് കോളേജിലും പരിശോധനയുണ്ടായി.
2006-ല്‍ മന്ത്രിയായിരിക്കെ സ്വജനപക്ഷപാതം നടത്തി സര്‍ക്കാര്‍ ഖജനാവിന് 28 കോടി രൂപ നഷ്ടം വരുത്തി എന്ന കേസിലായിരുന്നു ഇ ഡി മിന്നല്‍ പരിശോധന നടത്തിയത്. 11 വര്‍ഷം മുൻപ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മകനും സുഹൃത്തുകള്‍ക്കും മന്ത്രി അനധികൃതമായി ക്വാറി അനുവദിച്ചതായാണ് പരാതി. വിദേശനാണ്യ സമ്ബാദ്യത്തിന്റെ പേരില്‍ കെ പൊമ്മുടിയുടെ മകനായ ഗൗതം ശിഖാമണിയെ ഇ ഡി നേരത്തെ തന്നെ നോട്ടമിട്ടിരുന്നു.
ബംഗളൂരുവില്‍ നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പുറപ്പെടാനിരിക്കെയാണ് ഇഡി പരിശോധന നടത്തിയത്. നേരത്തെ മന്ത്രി സെന്തില്‍ ബാലാജിയുമായി ബന്ധപ്പെട്ട് നടന്ന ഇഡി പരിശോധനയും അദ്ദേഹത്തിന്റെ അറസ്റ്റുമെല്ലാം സംസ്ഥാനത്ത് ഏറെ വിവാദമായിരുന്നു. അതിനിടെയാണ് വീണ്ടും ഇഡി പരിശോധനയും മറ്റൊരു മന്ത്രിയുടെ അറസ്റ്റുമുണ്ടായത്.