പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് അസമിലും മണിപ്പൂരിലും സന്ദര്‍ശനം നടത്തും. പ്രളയത്തെ തുടര്‍ന്ന് അസമിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരെ രാഹുല്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് മണിപ്പൂരിലെ വിവിധ ദുരിതാശ്വാസ ക്യാമ്പിലെത്തും. വൈകിട്ട് മണിപ്പുര്‍ ഗവര്‍ണറുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തും.
ലോക്‌സഭാ പ്രതിപക്ഷ നേതാവായതിനു ശേഷം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള രാഹുല്‍ ഗാന്ധിയുടെ ആദ്യ ഓദ്യോഗിക സന്ദര്‍ശനമാണിത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം വടക്കുകിഴക്കന്‍ സംസ്ഥാനത്തെ രാഹുല്‍ ഗാന്ധിയുടെ മൂന്നാമത്തെ സന്ദര്‍ശനമാണിത്.
ജൂണ്‍ ആറിന് അക്രമം റിപ്പോര്‍ട്ട് ചെയ്ത മണിപ്പൂരിലെ ജിരിബാം ജില്ല അദ്ദേഹം സന്ദര്‍ശിക്കും. ചുരാചന്ദ്പുര്‍ ജില്ലയിലെത്തുന്ന രാഹുല്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുമായി ആശയവിനിമയം നടത്തും. ചുരാചന്ദ്പൂരില്‍ നിന്ന് റോഡ് മാര്‍ഗം ബിഷ്ണുപൂര്‍ ജില്ലയിലെ മൊയ്റാംഗിലേക്ക് പോകുകയും ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കുകയും ചെയ്യും.