ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ യുവതിയെ മൂന്നംഗ സംഘം വെടിവെച്ചുകൊന്നു. തിങ്കളാഴ്ചയായിരുന്നു സംഭവം. യുവതിയുടെ ഭര്‍ത്താവും കുടുംബത്തിലെ മറ്റ് രണ്ട് അംഗങ്ങളും സാരമായ പരിക്കുകളോടെ ചികിത്സയിലാണ്. ഫൂല്‍ കുമാരി (48) ആണ് കൊല്ലപ്പെട്ടത്.
ഭര്‍ത്താവ് പുട്ടിലാല്‍ (53) പരിക്കുകളോടെ ചികിത്സയിലാണ്. മൂന്നംഗ സംഘം വീടിന്റെ വാതില്‍ തകര്‍ത്ത് അതിക്രമിച്ച് കയറിയ ശേഷം കുടുംബത്തെ ആക്രമിക്കുകയായിരുന്നു. യുവതിയെ കൊലപ്പെടുത്തിയ ശേഷം പ്രതികളില്‍ ഒരാള്‍ സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തതായാണ് റിപ്പോര്‍ട്ട്.
കൊല്ലപ്പെട്ട യുവതിയുടെ മകളുമായി പ്രതിക്ക് ബന്ധമുണ്ടായിരുന്നുവെന്നും ഇതിലുണ്ടായ അസ്വാരസ്യങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് പ്രാഥമിക നിഗമനം.
ആക്രമിക്കപ്പെട്ടവരുടെ ആരോഗ്യ നില മെച്ചപ്പെട്ടിട്ടുണ്ടെന്നും വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ സംഭവത്തിന്റെ ശരിയായ കാരണം കണ്ടെക്കാനാകൂവെന്നും പൊലീസ് അറിയിച്ചു.