ന്യൂഡല്‍ഹി: ചിലര്‍ ദൈവമാകാന്‍ ശ്രമിക്കുകയാണെന്ന ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയില്‍ രാഷ്ട്രീയവിവാദം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉദ്ദേശിച്ചാണ് മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.
പുരോഗതിക്കും മനുഷ്യന്റെ അത്യാഗ്രഹങ്ങള്‍ക്കും ഒരു അവസാനവുമില്ലെന്നായിരുന്നു മോഹന്‍ ഭാഗവതിന്റെ പ്രതികരണം. ജാര്‍ഖണ്ഡില്‍ വികാസ് ഭാരതിയെന്ന സംഘടന നടത്തിയ പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു ഭാഗവതിന്റെ പ്രതികരണം.
പുരോഗതിക്ക് എന്നെങ്കിലും ഒരു അവസാനമുണ്ടോ. വികസനവും അത്തരത്തിലുള്ള ഒന്നാണ്. നാം ലക്ഷ്യം നേടിക്കഴിഞ്ഞാലും കുറച്ച് കൂടി മുന്നോട്ട് പോകാനുണ്ടെന്ന് നമുക്ക് തോന്നും. മനുഷ്യര്‍ അമാനുഷികരാകാന്‍ ആഗ്രഹിക്കും. സിനിമകളില്‍ കാണുന്നത് പോലെ അമാനുഷിക ശക്തി വേണമെന്നായിരിക്കും ഇവരുടെ ആഗ്രഹം. അമാനുഷികനായാലും മനുഷ്യന്റെ ആഗ്രഹങ്ങള്‍ക്ക് അവസാനമുണ്ടാവില്ല. പിന്നീട് അവന്‍ ദേവനാകാന്‍ ആഗ്രഹിക്കും അതിന് ശേഷം ഭഗവാനാകണമെന്നായിരിക്കും ചിലരുടെ ആഗ്രഹം.
ഭാഗവതിന്റെ പ്രസ്താവന പുറത്ത് വന്നതിന് പിന്നാലെ ഇക്കാര്യത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസും രംഗത്തെത്തി. ദൈവം നേരിട്ടയച്ച പ്രധാനമന്ത്രി നാഗ്പൂരില്‍ നിന്നുള്ളയാള്‍ ജാര്‍ഖണ്ഡില്‍ നിന്നും ലോക് കല്യാണ്‍ മാര്‍ഗിലേക്ക് ഒരു മിസൈല്‍ അയച്ച വിവരം അറിഞ്ഞിരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നായിരുന്നു കോണ്‍ഗ്രസിന്റെ പരിഹാസം. ഭാഗവതിന്റെ പ്രസംഗം പങ്കുവെച്ചായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം.
ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മോദി നടത്തിയ പ്രസ്താവനയെയാണ് കോണ്‍ഗ്രസ് ആയുധമാക്കിയത്. അമ്മ ജീവിച്ചിരിക്കുമ്പോള്‍ മറ്റുള്ളവരെപ്പോലെ ജനിച്ചയാളാണെന്ന് ഞാനും കരുതിയിരുന്നു. അമ്മയുടെ നിര്യാണത്തിനു ശേഷം, എന്റെ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍, ഈശ്വരന്‍ എന്നെ അയച്ചതാണെന്ന് എനിക്ക് ബോധ്യമായെന്നായിരുന്നു മോദിയുടെ പ്രസ്താവന.