മുംബൈ: മുംബൈയിലും പുണെയിലും കനത്തമഴയിൽ പ്രളയസമാന സാഹചര്യം. മുംബൈയിൽ വിമാനങ്ങൾ റദ്ദാക്കി. സിയോൺ, ചെമ്പുർ, അന്ധേരി തുടങ്ങി ഒട്ടേറെ പ്രദേശങ്ങൾ വെള്ളത്തിലായി. നാളെ രാവിലെ 8.30 വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. രണ്ടിടത്തും വിമാന, ട്രെയിൻ സർവീസുകളെ മഴ ബാധിച്ചിട്ടുണ്ട്.
മുംബൈയിൽനിന്നും തിരിച്ചുമുള്ള വിമാന സർവീസുകൾ വൈകുമെന്ന് ഇൻഡിഗോ എയർലൈൻസ് അറിയിച്ചു. എയർ ഇന്ത്യ, സ്പൈസ് ജെറ്റ് എന്നിവയുടെ ഏതാനും സർവീസുകളും വൈകുകയും റദ്ദാക്കുകയും ചെയ്തു. നഗരത്തിലെ 7 തടാകങ്ങൾ നിറഞ്ഞൊഴുകുകയാണ്.
പുണെയിൽ 4 പേർ മരിച്ചു. വെള്ളം നിറഞ്ഞ തെരുവിൽനിന്ന് 3 പേർക്ക് വൈദ്യുതാഘാതമേറ്റു. സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും 48 മണിക്കൂർ അടച്ചിടുമെന്ന് പുണെ കലക്ടർ അറിയിച്ചു. പാലങ്ങൾ വെള്ളത്തിനടിയിലായത് ഗതാഗതത്തെ ബാധിച്ചിട്ടുണ്ടെന്നും കലക്ടർ പറഞ്ഞു. പുണെയിൽ ദേശീയ ദുരന്ത നിവാരണ സേന രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്.