Sunday, September 8, 2024

HomeNewsIndiaഗര്‍ഭധാരണം രോഗമോ വൈകല്യമോ അല്ല; ജോലി നിഷേധിക്കരുതെന്ന് കോടതി

ഗര്‍ഭധാരണം രോഗമോ വൈകല്യമോ അല്ല; ജോലി നിഷേധിക്കരുതെന്ന് കോടതി

spot_img
spot_img

ന്യൂഡല്‍ഹി: ഗര്‍ഭധാരണം രോഗമോ വൈകല്യമോ അല്ലെന്നും സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ജോലി നിഷേധിക്കുന്നതിന് ഗര്‍ഭകാലം കാരണമാകരുതെന്നും ഡല്‍ഹി ഹൈകോടതി. കോണ്‍സ്റ്റബിള്‍ സ്ഥാനത്തേക്കുള്ള ശാരീരിക കാര്യക്ഷമത പരീക്ഷ (പി.ഇ.ടി) മാറ്റിവക്കാനുള്ള ഗര്‍ഭിണിയുടെ അഭ്യര്‍ഥന നിരസിച്ചതിന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിനെ (ആര്‍.പി.എഫ്) ഡല്‍ഹി ഹൈകോടതി ശാസിച്ചു.

ആര്‍.പി.എഫും കേന്ദ്ര സര്‍ക്കാറും യുവതിയോട് പെരുമാറിയതില്‍ ജസ്റ്റിസുമാരായ രേഖ പള്ളിയും ഷാലിന്ദര്‍ കൗറും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വേദന രേഖപ്പെടുത്തി. യുവതി ഹരജി സമര്‍പ്പിച്ച് അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഉത്തരവ്.

‘യൂനിയന്‍ ഓഫ് ഇന്ത്യയും ആര്‍.പി.എഫും ഗര്‍ഭധാരണത്തെ അസുഖമോ വൈകല്യമോ പോലെയാണ് കണക്കാക്കിയിരിക്കുന്നതെന്ന് തോന്നുന്നു. സ്ത്രീകള്‍ക്ക് പൊതു തൊഴിലവസരങ്ങള്‍ നിഷേധിക്കുന്നതിന് മാതൃത്വം ഒരിക്കലും അടിസ്ഥാനമാകരുതെന്നാണ് ഞങ്ങളുടെ കാഴ്ചപ്പാട്’ -കോടതി പറഞ്ഞു.

ഗര്‍ഭിണിയാണെന്നും ഹൈജംപ്, ലോങ്ജമ്പ്, ഓട്ടം തുടങ്ങിയവ ചെയ്യാന്‍ കഴിയില്ലെന്നും ഹരജിക്കാരി അറിയിച്ചപ്പോള്‍ ആര്‍.പി.എഫിന് ഏതാനും മാസത്തേക്ക് പി.ഇ.ടി മാറ്റിവക്കാമായിരുന്നുവെന്ന് ബെഞ്ച് പറഞ്ഞു.

ആറാഴ്ചക്കുള്ളില്‍ സ്ത്രീയുടെ ടെസ്റ്റുകളും ഡോക്യുമെന്റ് വെരിഫിക്കേഷനും നടത്തണമെന്നും യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെങ്കില്‍ മുന്‍കാല സീനിയോറിറ്റിയും മറ്റ് അനന്തര ആനുകൂല്യങ്ങളും ഉള്ള കോണ്‍സ്റ്റബിള്‍ തസ്തികയില്‍ നിയമിക്കണമെന്നും കോടതി ആര്‍.പി.എഫിനോട് നിര്‍ദ്ദേശിച്ചു.

രാഷ്ട്രത്തിന് സംഭാവന ചെയ്യാന്‍ കഴിയുന്ന സ്ത്രീകളെ പിന്തുണക്കേണ്ടത് അത്യാവശ്യമാണെന്ന് എല്ലാ അധികാരികളും, പ്രത്യേകിച്ച് പൊതു ജോലിയുമായി ബന്ധപ്പെട്ടവരും തിരിച്ചറിയണം. വൈകല്യമോ രോഗമോ ആയി കണക്കാക്കാന്‍ കഴിയാത്ത ഗര്‍ഭധാരണം പോലുള്ള കാരണങ്ങളിലൂടെ അവരുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും വിശദമായ വിധിന്യായത്തില്‍ കോടതി പറഞ്ഞു.

അധികാരികളുടെ പെരുമാറ്റം അവര്‍ ഇപ്പോഴും യുവതിയുടെ അവകാശങ്ങളെയും അഭിലാഷങ്ങളെയും അവഗണിക്കുന്നുവെന്നും ഗര്‍ഭധാരണത്തിന്റെ പേരില്‍ തൊഴില്‍ അവസരം നിഷേധിക്കുന്നത് തുടരുകയാണെന്നും തെളിയിക്കുന്നു. അതിനാല്‍ ജോലി നിഷേധിക്കുന്ന തീരുമാനം തീര്‍ത്തും അസ്ഥിരമാണെന്നും അത് റദ്ദാക്കേണ്ടത് ആവശ്യമാണെന്ന് വാദിക്കാന്‍ യാതൊരു മടിയുമില്ലെന്നും കോടതി വ്യക്തമാക്കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments