ലഖ്നോ: ഉത്തർപ്രദേശിലെ അലിഗഡിൽ ക്ലാസ് മുറിയിൽ ഉറങ്ങിയ പ്രൈമറി സ്കൂൾ അധ്യാപികയെ സസ്പെൻഡ് ചെയ്തു. അധ്യാപികയായ ഡിംപിൾ ബൻസാലിന് കുഞ്ഞുങ്ങൾ വീശിക്കൊടുക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വൈറലായിരുന്നു.
അലിഗഡിലെ ധനിപൂർ മേഖലയിലെ ഗോകുൽപൂരിലെ പ്രൈമറി സ്കൂളിലെ അധ്യാപിക ക്ലാസ് മുറിയുടെ തറയിൽ പായ വിരിച്ച് സുഖമായി ഉറങ്ങുന്നതാണ് വിഡിയോയിലുള്ളത്. സംഭവം പുറത്ത് അറിഞ്ഞതോടെ രക്ഷിതാക്കൾ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തി.
അതിനിടെ, ഒരു അധ്യാപിക വിദ്യാർഥികളെ മർദിക്കുന്ന മറ്റൊരു വിഡിയോയും പുറത്തുവന്നു. ബ്ലോക്ക് വിദ്യാഭ്യാസ ഒഫീസർ നടത്തിയ അന്വേഷണത്തിൽ ഉറങ്ങുന്ന വിഡിയോയും കുട്ടികളെ മർദിക്കുന്ന ദൃശ്യങ്ങളും ഒരേ അദ്ധ്യാപികയുടേതാണെന്ന് സ്ഥിരീകരിച്ചതായി റിപ്പോർട്ടുണ്ട്.
വിദ്യാഭ്യാസ മന്ത്രി സന്ദീപ് കുമാർ സിങ് താമസിക്കുന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.