ഡെറാഡൂണ്‍ – നടുറോഡില്‍ മദ്യപിച്ച് പൊലീസുകാരെ ഭീഷണിപ്പടുത്തിയ യൂട്യൂബറെ അറസ്റ്റ് ചെയ്യാന്‍ ഗുരുഗ്രാമിലേക്ക് പുറപ്പെട്ട് ഉത്തരാഖണ്ഡ് പൊലീസ്.
ഗുരുഗ്രാമില്‍ താമസിക്കുന്ന യൂട്യൂബര്‍ ബോബി കതാരിയയാണ് റോഡില്‍ മേശയും കസേരയും ഇട്ട് മദ്യപിച്ചത്. സംസ്ഥാന തലസ്ഥാനമായ ഡെറാഡൂണിലായിരുന്നു സംഭവം. ഗതാഗതം തടസ്സപ്പെടുത്തി പൊലീസുകാരെ ഭീഷണിപ്പെടുത്തിയ ബോബിയുടെ വീഡിയോ കണ്ടാണ് ഉത്തരാഖണ്ഡ് പൊലീസ് അറസ്റ്റിനൊരുങ്ങുന്നത്.
ബോബിയെ അറസ്റ്റ് ചെയ്യാനായി ഉത്തരാഖണ്ഡ് പൊലീസ് സംഘം ഗുരുഗ്രാമിലേക്ക് പുറപ്പെട്ടുവെന്ന് ഡെറാഡൂണ്‍ എസ്.എച്ച്.ഒ രാജേന്ദ്ര റാവത്ത് പറഞ്ഞു. ഇതിന് മുമ്ബും ബോബി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
സ്പൈസ് ജെറ്റ് വിമാനത്തിനകത്ത് പുകവലിച്ചത് സമൂഹ മാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്നായിരുന്നു വാര്‍ത്ത. എന്നാല്‍ അതൊരു ഡമ്മി വിമാനമായിരുന്നു എന്നും ദുബൈയിലെ തന്‍റെ ഷൂട്ടിംഗിന്റെ ഭാഗമാണെന്നും പറഞ്ഞ് ബോബി രംഗത്തു വന്നിരുന്നു.
വിമാനത്തിനുള്ളില്‍ പുകവലിച്ചതിനെ തുടര്‍ന്ന് ബോബിയെ പതിനഞ്ച് ദിവസത്തേക്ക് യാത്രാ വിലക്ക് പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി എയര്‍ലൈന്‍ അറിയിച്ചു.