ഇന്ത്യയിലെ ചീറ്റകളുടെ മരണകാരണം അണുബാധ തന്നെയാണെന്ന് വ്യക്തമാക്കി പ്രോജക്‌ട് ചീറ്റയുടെ അന്താരാഷ്ട്ര വിദഗ്ധര്‍.
ആഫ്രിക്കൻ കാലാവസ്ഥയ്ക്ക് അനുസൃതമായുള്ള രോമ വളര്‍ച്ച ഇന്ത്യൻ കാലാവസ്ഥയില്‍ സംഭവിച്ചപ്പോഴുണ്ടായ അണുബാധയാണ് ചീറ്റകളെ മരണത്തിലേക്ക് നയിച്ചതെന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍. ആഫ്രിക്കൻ ശീതകാല സമയം ചീറ്റയുടെ ശരീരത്തില്‍ കട്ടിയുള്ള രോമ വളര്‍ച്ച ഉണ്ടാകാറുണ്ട്. എന്നാല്‍ ഈ സ്വാഭാവിക പ്രക്രിയ ഈര്‍പ്പവും ചൂടുമുള്ള ഇന്ത്യയുടെ സാഹചര്യത്തില്‍ വിപരീത ഫലം ചെയ്തതാണ് ചീറ്റകളുടെ മരണ കാരണം.
ശൈത്യകാലത്ത് അമിത രോമങ്ങള്‍ നീക്കം ചെയ്ത് അണുബാധയും അതുമൂലമുള്ള മരണവും തടയണമെന്നാവശ്യപ്പെടുന്ന നിര്‍ദേശങ്ങള്‍ അടങ്ങിയ ഒരു റിപ്പോര്‍ട്ട് പ്രോജക്‌ട് ചീറ്റ വിദഗ്ധര്‍ സര്‍ക്കാരിന് നല്‍കിയിരുന്നു.
ചീറ്റയുടെ കട്ടിയുള്ള രോമവും ഭാരമുള്ള പരന്ന വലിയ ശരീരവും പരാന്നഭോജികള്‍ക്ക് പ്രത്യേക സങ്കേതമൊരുക്കുകയാണ്. ഇതിന്റെയൊപ്പം ഇന്ത്യയിലെ അനുകൂല കാലാവസ്ഥ കൂടിയായപ്പോള്‍ അണുബാധയേല്‍ക്കാനുള്ള സാധ്യത വര്‍ധിച്ചു. ഇങ്ങനെ അണുബാധയേറ്റ ശരീരഭാഗത്ത് ഈച്ച പോലെയുള്ള പ്രാണികള്‍ കടിക്കുന്നതും അണുബാധ വര്‍ധിപ്പിക്കാൻ കാരണമാകുമെന്ന് വിദഗ്ധര്‍ പറഞ്ഞു. ഇത്തരത്തില്‍ ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് സംഭവിക്കുന്ന അണുബാധ നട്ടെല്ലിന്റെ ഭാഗത്തൂടെ ഒഴുകി പടരുന്നതിലൂടെ ബാക്കിയുള്ള ശരീര ഭാഗത്തേയ്ക്കും വ്യാപിക്കുമെന്നും വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ ചീറ്റകളെ ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തി വയ്ക്കണമെന്ന് വന്യജീവി വിദഗ്ധനും ബെംഗളൂരുവിലെ ബയോഡൈവേഴ്‌സിറ്റി കോ ഓര്‍ഡിനേറ്ററുമായ രവി ചെല്ലം ആവശ്യപ്പെട്ടു.
എന്നാല്‍ എല്ലാ ചീറ്റകളെയും ഈ പ്രശ്നം ബാധിക്കുകയില്ല. നീളൻ രോമങ്ങളുള്ള ചീറ്റകളില്‍ മാത്രമാണ് ഇത്തരം അണുബാധകള്‍ കൂടുതലായി കണ്ടുവരുന്നത്. നീളൻ രോമങ്ങള്‍ വളരാത്ത ചീറ്റകള്‍ക്ക് ഇന്ത്യൻ കാലാവസ്ഥയില്‍ തുടരാൻ സാധിക്കും. അതേസമയം ആഫ്രിക്കയിലെ ഉദ്യോഗസ്ഥര്‍ പോലും ഇത്തരമൊരു സാഹചര്യം പ്രതീക്ഷിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.