ന്യൂഡല്‍ഹി: ഇന്ത്യയുടെ ആത്മാവിനെ ആക്രമിക്കുന്നവര്‍ക്ക് വലിയ വില നല്‍കേണ്ടിവരുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
പാരീസിലെ സയൻസസ് പിഒ സര്‍വകലാശാലയില്‍ രാജ്യത്തിന്‍റെ പേര് മാറ്റുന്നത് സംബന്ധിച്ച വിവാദത്തോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പ്രതിപക്ഷ സഖ്യത്തിന്‍റെ പേര് ഇന്ത്യയെന്നായതാണ് രാജ്യത്തിന്‍റെ പേര് ഭാരതം എന്നാക്കാൻ കേന്ദ്രത്തെ പ്രേരിപ്പിക്കുന്നത്. രാജ്യത്തെ ഇന്ത്യയെന്നോ ഭാരതമെന്നോ വിളിക്കുന്നതില്‍ കുഴപ്പമില്ല. എന്നാല്‍ പേര് മാറ്റത്തിന് പിന്നിലെ ഉദ്ദേശ്യമാണ് പ്രധാനം. ഇന്ത്യൻ ഭരണഘടനയില്‍ രണ്ട് പേരും ഉപയോഗിക്കുന്നുണ്ട്. രണ്ട് വാക്കുകളും മികച്ചവയാണ്.
രാജ്യത്തിന്‍റെ പേര് മാറ്റാൻ ശ്രമിക്കുന്നവര്‍ അടിസ്ഥാനപരമായി ചരിത്രത്തെ നിഷേധിക്കുവാൻ ശ്രമിക്കുകയാണെന്നും ഇന്ത്യയുടെ ആത്മാവിനെ ആക്രമിക്കാൻ ശ്രമിക്കുന്ന ഏതൊരാള്‍ക്കും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ വില നല്‍കേണ്ടിവരുമെന്നും രാഹുല്‍ പറഞ്ഞു.