ന്യൂഡൽഹി: ഹരിയാനയിൽ ഒക്ടോബർ ഒന്നിന് നടത്താൻ തീരുമാനിച്ച നിയമസഭ തിരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് ആവശ്യം അംഗീകരിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ഒക്ടോബർ ഒന്നിലെ വോട്ടെടുപ്പ് ഒക്ടോബർ 5ലേക്ക് മാറ്റി. ഇതോടൊപ്പം ജമ്മു കശ്മീരിലെയും ഹരിനായയിലെയും വോട്ടെണ്ണൽ ഒക്ടോബർ നാലിൽ നിന്ന് ഒക്ടോബർ എട്ടിലേക്കും കമ്മീഷൻ മാറ്റിയിട്ടുണ്ട്.
ഗുരു ജംഭേശ്വരന്റെ സ്മരണാർഥം നടത്തുന്ന അസോജ് അമാവാസി ആഘോഷത്തിൽ പങ്കെടുക്കുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരം പിന്തുടരുന്ന ബിഷ്‌ണോയി സമുദായത്തിന്റെ വോട്ടവകാശത്തെയും പാരമ്പര്യത്തെയും മാനിക്കാനാണ് തീരുമാനമെന്ന് കമ്മീഷൻ വ്യക്തമാക്കി.
ഹരിയാനയിൽ ഒക്ടോബർ ഒന്നിന് നടത്താൻ നിശ്ചയിച്ച തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ഘടകം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ നേരത്തെ സമീപിച്ചിരുന്നു. ഒക്ടോബർ ഒന്നിന് മുമ്പും ശേഷവും അവധി ദിവസങ്ങളായതിനാൽ പോളിങ് ശതമാനത്തെ ബാധിക്കുമെന്ന് ഹരിയാന ബിജെപി അധ്യക്ഷൻ ചൂണ്ടിക്കാട്ടിയിരുന്നു.
ജമ്മു കശ്മീരിൽ മൂന്ന് ഘട്ടമായും ഹരിയാനയിൽ ഒറ്റ ഘട്ടമായുമാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. സെപ്റ്റംബർ 18, 25, ഒക്ടോബർ ഒന്ന് തീയതികളിൽ ജമ്മു കശ്മീരിലും പുതുക്കിയ തീയതി പ്രകാരം ഒക്ടോബർ അഞ്ചിന് ഹരിയാനയിലും 90 വീതം നിയമസഭ മണ്ഡലങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കും. വോട്ടെണ്ണൽ ഒക്ടോബർ എട്ടിനാണ്.
ജമ്മു കശ്മീരിൽ ഒന്നാം ഘട്ടത്തിൽ 24 സീറ്റിലും രണ്ടിൽ 26 സീറ്റിലും അവസാന ഘട്ടത്തിൽ 40 സീറ്റിലുമാകും തെരഞ്ഞെടുപ്പ്. 2014 നവംബർ- ഡിസംബറിൽ 5 ഘട്ടങ്ങളിലായാണ് ജമ്മു കശ്മീരിൽ അവസാനമായി തെരഞ്ഞെടുപ്പ് നടന്നത്.