ഹൈദരാബാദ്ന്: ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളില്‍ മഴക്കെടുതിയില്‍ 27 മരണം. തെലങ്കാനയില്‍ 15 പേര്‍ മരിച്ചതായി റവന്യൂ മന്ത്രി പൊങ്കുലേട്ടി ശ്രീനിവാസ് റെഡ്ഡി പറഞ്ഞു. ആന്ധ്രാപ്രദേശില്‍ ശനിയാഴ്ച മുതല്‍ തുടരുന്ന മഴക്കെടുതിയില്‍ 12 മരിച്ചു. കനത്ത മഴയില്‍ വിവിധ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ഇരു സംസ്ഥാനങ്ങളിലെയും നദികള്‍ കരകവിഞ്ഞൊഴുകുകയാണ്.
ദേശീയ-സംസ്ഥാന ദുരന്തനിവാരണ സേനകള്‍ ആയിരക്കണക്കിന് ആളുകളെ വെള്ളപ്പൊക്ക പ്രദേശങ്ങളില്‍ നിന്ന് ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റിപ്പാര്‍പ്പിച്ചു. റെയില്‍, റോഡ് ഗതാഗതവും താറുമാറായി. ഇതുവരെ നൂറിലധികം ട്രെയിനുകള്‍ റദ്ദാക്കി. ഇന്നു പുറപ്പെടുന്ന കൊച്ചുവേളി കോര്‍ബ എക്‌സ്പ്രസ്, ബിലാസ്പുര്‍ എറണാകുളം എക്‌സ്പ്രസ്, ബുധനാഴ്ച പുറപ്പെടേണ്ട എറണാകുളം ബിലാസ്പുര്‍ എക്‌സ്പ്രസ് എന്നിവയും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു. ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍കൂടി കന്നുപോകുന്ന ദക്ഷിണ സെന്‍ട്രല്‍ റെയില്‍വേയുടെ നിരവധി ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു.
കനത്ത മഴയില്‍ നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഹൈദരാബാദില്‍ തിങ്കളാഴ്ച സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. തെലങ്കാനയിലെ അദിലാബാദ്, നിസാമാബാദ്, രാജന്ന സിര്‍സില്ല, യാദാദ്രി ഭുവന്‍ഗിരി, വികാരാബാദ്, സംഗറെഡ്ഡി, കാമറെഡ്ഡി, മഹബൂബ്നഗര്‍ ജില്ലകളില്‍ തിങ്കളാഴ്ച അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ അധ്യക്ഷതയില്‍ അടിയന്തര അവലോകന യോഗം ചേര്‍ന്നു. ഉദ്യോഗസ്ഥരോട് ജാഗ്രത പാലിക്കാനും പ്രളയബാധിത പ്രദേശങ്ങളില്‍ അടിയന്തര സഹായത്തിന് നടപടി സ്വീകരിക്കാനും നിര്‍ദേശം നല്‍കി. അടിയന്തര ആവശ്യങ്ങള്‍ക്കു മാത്രമേ വീടുകളില്‍ നിന്ന് പുറത്തിറങ്ങാവൂ എന്നും മുഖ്യമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.