ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ തോൽവി ഏറ്റുവാങ്ങിയ ബി.ജെ.പി മുൻ എം.പി സ്മൃതി ഇറാനി ഡൽഹി രാഷ്ട്രീയത്തിലേക്ക്. ഡൽഹി കേന്ദ്രീകരിച്ചുളള അവരുടെ പ്രവർത്തനങ്ങളാണ് ഇത്തരമൊരു അഭ്യൂഹത്തിന് തുടക്കമിട്ടത്. ബി.ജെ.പിയുടെ സംസ്ഥാന നേതാക്കളിൽ ചിലർ തന്നെ സ്മൃതി അടുത്ത വർഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയാകുമെന്ന് പ്രവചിക്കുന്നുണ്ട്.
ഡൽഹിയിൽ ജനിച്ച വളർന്ന അവർ ഇപ്പോൾ പാർട്ടിയുടെ പരിപാടികളിൽ സജീവമാണ്. സെപ്റ്റംബർ രണ്ടിന് തുടങ്ങിയ മെമ്പർഷിപ്പ് കാമ്പയിനിൽ അവർ സജീവമായി പങ്കെടുത്തിരുന്നു. മെമ്പർഷിപ്പ് കാമ്പയിനിന്റെ മേൽനോട്ട ചുമതലയാണ് സ്മൃതിയെ ഏൽപ്പിച്ചിരിക്കുന്നത്. 14 ജില്ലാ യൂണിറ്റുകളിൽ ഏഴെണ്ണത്തിന്റെ ചുമതല സ്മൃതി ഇറാനിക്കാണ്.
ദക്ഷിണ ഡൽഹിയിൽ സ്മൃതി ഇറാനി വീടും വാങ്ങിയിട്ടുണ്ട്. ഡൽഹി രാഷ്ട്രീയത്തിലേക്കുള്ള അവരുടെ വരവിന് മുന്നോടിയായാണ് ഇത്തരമൊരു നീക്കം നടത്തിയതെന്നാണ് ഉയരുന്ന വാദം. ഒരു നേതാവിനെ മുൻനിർത്തി പോരാടിയാൽ ഡൽഹി തെരഞ്ഞെടുപ്പിൽ കെജ്രിവാൾ ഉയർത്തുന്ന കടുത്ത വെല്ലുവിളിയെ നേരിടാമെന്നാണ് ബി.ജെ.പിയിലെ ഒരു വിഭാഗം നേതാക്കൾ കണക്കാക്കുന്നത്.