Thursday, October 17, 2024

HomeNewsIndiaചപ്പാത്തിയില്‍ തുപ്പല്‍, ജ്യൂസില്‍ മൂത്രം കലര്‍ത്തല്‍; റെസ്റ്ററന്റുകളില്‍ സിസിടിവി വേണമെന്ന് യുപി സർക്കാർ

ചപ്പാത്തിയില്‍ തുപ്പല്‍, ജ്യൂസില്‍ മൂത്രം കലര്‍ത്തല്‍; റെസ്റ്ററന്റുകളില്‍ സിസിടിവി വേണമെന്ന് യുപി സർക്കാർ

spot_img
spot_img

ഭക്ഷണസാധനങ്ങളില്‍ തുപ്പുകയും മൂത്രം കലര്‍ത്തുകയും ചെയ്യുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ഹോട്ടലുകൾ, റെസ്റ്റൊറന്റുകൾ, ഭക്ഷണ വിതരണ സ്ഥാപനങ്ങൾ എന്നിവയ്‌ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. എല്ലാ റെസ്റ്റൊറന്റുകളിലും ഹോട്ടലുകളിലും സിസിടിവി സ്ഥാപിക്കണമെന്നും റെസ്റ്റൊറന്റുകളുടെ ഉടമസ്ഥരുടെയും നടത്തിപ്പുകാരുടെയും മാനേജര്‍മാരുടെയും പേരും വിലാസവും നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണമെന്നും മുഖ്യമന്ത്രി ആദിത്യനാഥ് നിര്‍ദേശിച്ചു.

പാചകക്കാരും വെയിറ്റര്‍മാരും മാസ്‌കുകളും കയ്യുറകളും ധരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉത്തതതലയോഗത്തിലാണ് ഈ നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചത്. ഭക്ഷ്യവസ്തുക്കളില്‍ മനുഷ്യവിസര്‍ജ്യത്തിന്റെ സാന്നിധ്യമുണ്ടെന്നത് അറപ്പുളവാക്കുന്നതാണെന്നും ഭക്ഷ്യവസ്തുക്കളില്‍ മനുഷ്യവിസര്‍ജ്യമോ വൃത്തിഹീനമായ വസ്തുക്കളോ ചേര്‍ക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ ഉത്തരവിട്ടതായും സര്‍ക്കാര്‍ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

സഹരന്‍പുര്‍ ജില്ലയിലെ ഒരു ഭക്ഷണശാലയില്‍ ചപ്പാത്തി തയ്യാറാക്കുന്നതിനിടെ കൗമാരക്കാരനായ പാചകക്കാരന്‍ അതില്‍ തുപ്പുന്ന വീഡിയോ സെപ്റ്റംബര്‍ 12ന് സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെ സ്ഥാപനത്തിന്റെ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗാസിയാബാദ് ജില്ലയില്‍ ജ്യൂസുകള്‍ മൂത്രത്തില്‍ കലര്‍ത്തി വില്‍പ്പനയ്ക്ക് വെച്ചതിന് ഒരു ജ്യൂസ് വില്‍പ്പനക്കാരനെ കഴിഞ്ഞയാഴ്ച അറസ്റ്റു ചെയ്തിരുന്നു. തുപ്പല്‍ കലര്‍ന്ന ജ്യൂസ് വിറ്റതിന് ഇക്കഴിഞ്ഞ ജൂണിൽ നോയിഡയില്‍ രണ്ടുപേര്‍ അറസ്റ്റിലായിരുന്നു.

ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ ഹോട്ടലുകളിലും ധാബകളിലും റെസ്‌റ്റൊറന്റുകളിലും പരിശോധന നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. പൊതുജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനൊപ്പം ആവശ്യാനുസരണം ചട്ടങ്ങള്‍ ഭേദഗതി വരുത്താനും അദ്ദേഹം നിര്‍ദേശിച്ചു.

ധാബകള്‍, റെസ്റ്റൊറന്റുകള്‍, ഭക്ഷ്യസ്ഥാപനങ്ങള്‍ എന്നിവയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താനും ഓരോ ജീവനക്കാരന്റെയും പോലീസ് വേരിഫിക്കേഷന്‍ നടത്താനും ഭക്ഷ്യ സുരക്ഷാ നിയമത്തില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്താനും ഇതുവഴി ഭക്ഷ്യവസ്തുക്കളുടെ പരിശുദ്ധിയും പവിത്രതയും ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജ്യൂസുകള്‍, ധാന്യവര്‍ഗങ്ങള്‍, ചപ്പാത്തി തുടങ്ങിയ ഭക്ഷ്യവസ്തുക്കളില്‍ മനുഷ്യവിസര്‍ജ്യവും വൃത്തിഹീനമായ വസ്തുക്കളും മായം കലര്‍ത്തുന്നതുമായ സംഭവങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

ഇത്തരം സംഭവങ്ങള്‍ ഭയപ്പെടുത്തുന്നതും സാധാരണക്കാരന്റെ ആരോഗ്യത്തെ ബാധിക്കുന്നതുമാണ്. ഇവ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഫുഡ് സേഫ്റ്റി ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍, പോലീസ്, പ്രാദേശിക ഭരണകൂടം എന്നിവയുടെ നേതൃത്വത്തില്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കാര്‍വാര്‍ യാത്ര കടന്നുപോകുന്ന വഴിയിലെ ഭക്ഷണശാലകളിലും പഴം വില്‍പ്പന കേന്ദ്രങ്ങളിലും കടയുടമകളുടെ പേരുവിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇതിനെതിരേ കടുത്ത വിമര്‍ശങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, ഈ നിര്‍ദേശം സുതാര്യത ഉറപ്പുവരുത്തുന്നതിനാണെന്നാണ് സർക്കാർ വാദം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments