ജയ്പുര്‍: ഇക്കഴിഞ്ഞ ഞായറാഴ്ച ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരായ പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ വിജയം ആഘോഷിച്ച അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. രാജസ്ഥാനിലെ ഉദയ്പുരിലെ നീര്‍ജ മോദി സ്‌കൂളിലെ അധ്യാപിക നഫീസ അട്ടാരിയെ വ ിജയം ആഘോഷിച്ചതിന്റെ പേരില്‍ നേരത്തേ സ്‌കൂള്‍ മാനേജ്മെന്റ് പിരിച്ചുവിട്ടിരുന്നു.
‘ഞങ്ങള്‍ ജയിച്ചു’ എന്ന അടിക്കുറിപ്പോടെ പാകിസ്താനി താരങ്ങളുടെ ചിത്രം അവര്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കിയിരുന്നു. അധ്യാപികയുടെ വാട്‌സ്ആപ്പ് സ്റ്റാറ്റസ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയായിരുന്നു.
അതിനിടെ വിജയം ആഘോഷിച്ച കശ്മീര്‍ സ്വദേശികളായ മൂന്നു വിദ്യാര്‍ഥികളെ യുപിയിലെ ആഗ്രയില്‍ അറസ്റ്റ് ചെയ്തു. പാക്കിസ്ഥാന്റെ ജയം ആഘോഷിക്കുന്നവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫിസ് അറിയിച്ചു.
വിദ്യാര്‍ഥികള്‍ ക്യാംപസില്‍ പാക്ക് അനുകൂല മുദ്രാവാക്യം മുഴക്കിയെന്നാണ് ആരോപണം. രാജാ ബല്‍വന്ത് സിങ് കോളജിലെ വിദ്യാര്‍ഥികളായ അര്‍ഷീദ് യൂസഫ്, ഇനിയാത്ത് അല്‍ത്താഫ് ഷെയ്ഖ്, ഷൗക്കത്ത് അഹമ്മദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ കഴിഞ്ഞ ദിവസം കോളജില്‍നിന്നു സസ്പെന്‍ഡ് ചെയ്തിരുന്നു. പിന്നാലെയാണ് അറസ്റ്റ്.
വിദ്യാര്‍ഥികള്‍ ചെയ്തത് അച്ചടക്കലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണു സസ്പെന്‍ഡ് ചെയ്തത്. വിദ്യാര്‍ഥികള്‍ക്കെതിരെ പ്രാദേശിക ബിജെപി നേതാവാണു പൊലീസില്‍ പരാതി നല്‍കിയത്.
ശ്രീനഗറില്‍ പാക്കിസ്ഥാന്റെ വിജയം ആഘോഷിച്ച മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയിരുന്നു. മെഡിക്കല്‍ വിദ്യാര്‍ഥിനികള്‍ പാക്ക് അനുകൂല മുദ്രാവാക്യം മുഴക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിരുന്നു.