മുംബൈ: മുംബൈയിൽ ഇരുനിലകെട്ടിടത്തിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ചു. ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് തീപിടിത്തമുണ്ടായതായാണ് പ്രാഥമിക വിവരം. പാരിസ് ഗുപ്ത (7), നരേന്ദ്ര ഗുപ്ത (10), മഞ്ജു പ്രേം ഗുപ്ത (30), അനിത ഗുപ്ത (39), പ്രേം ഗുപ്ത (30), വിധി ഗുപ്ത, ഗീത ഗുപ്ത എന്നിവരാണ് മരിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചെമ്പൂർ സിദ്ധാർത്ഥ് കോളനിയിൽ ഞായറാഴ്ച പുലർച്ചെ അഞ്ചോടെയായിരുന്നു സംഭവം. താഴത്തെ നിലയിലെ ഇലക്ട്രിക്കൽ സാധനങ്ങൾ സൂക്ഷിച്ചിരുന്ന കടയിൽ നിന്നാണ് തീ പടർന്നതെന്നും കുടുംബം താമസിച്ചിരുന്ന മുകൾ നിലയിലേക്ക് തീ പടരുകയായിരുന്നുവെന്നും അധികൃതരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.