ജബൽപൂർ: വിവാദ പരാമർശത്തിൽ നടിയും ബി.ജെ.പി ലോക്‌സഭാ അംഗവുമായ കങ്കണ റണാവത്തിന് നോട്ടീസ്. 2014ന് ശേഷമാണ് ഇന്ത്യക്ക് യഥാർഥ സ്വാതന്ത്ര്യം ലഭിച്ചതെന്ന കങ്കണയുടെ പരാമർശത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയിൽ മധ്യപ്രദേശിലെ ജബൽപൂരിലെ പ്രത്യേക എം.പി-എം.എൽ.എ കോടതിയാണ് നോട്ടീസ് അയച്ചത്.
അഭിഭാഷകനായ അമിത് കുമാർ സാഹു നൽകിയ ഹരജി പരിഗണിക്കുന്നതിനിടെയാണ് പ്രത്യേക കോടതി ജഡ്ജി വിശ്വേശ്വരി മിശ്ര നോട്ടീസ് അയച്ചത്. 2021ൽ അധാർതാൽ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ നടപടിയൊന്നും ഉണ്ടാകാത്തതിനെത്തുടർന്നാണ് കോടതിയെ സമീപിച്ചതെന്ന് സാഹു പറഞ്ഞു.
പൊലീസ് സൂപ്രണ്ടിന് പരാതി നൽകുകയും തുടർന്ന് ഹൈകോടതിയെ സമീപിക്കുകയും ചെയ്തു. കേസിന്‍റെ അടുത്ത വാദം നവംബർ 5ന് നടക്കും. നിരവധി സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗത്തിന് ശേഷമാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത്. എന്നാൽ കങ്കണ പറഞ്ഞത് അത് ഭിക്ഷ ആണെന്നാണ്. 2014ന് ശേഷം ഇന്ത്യക്ക് യഥാർഥ അർത്ഥത്തിൽ സ്വാതന്ത്ര്യം ലഭിച്ചുവെന്ന് അവർ അവകാശപ്പെട്ടതായി അമിത് കുമാർ സാഹു പറഞ്ഞു.