Wednesday, October 16, 2024

HomeNewsIndiaനൂറ് വര്‍ഷം മുന്‍പ് കാണാതായ എവറസ്റ്റ് പര്‍വതാരോഹകന്റെ ശരീരഭാഗം കണ്ടെത്തി

നൂറ് വര്‍ഷം മുന്‍പ് കാണാതായ എവറസ്റ്റ് പര്‍വതാരോഹകന്റെ ശരീരഭാഗം കണ്ടെത്തി

spot_img
spot_img

മഹാലങ്കര്‍: നൂറ് വര്‍ഷം മുമ്പ് എവറസ്റ്റില്‍ കാണാതായ യുവ ബ്രിട്ടീഷ് പര്‍വതാരോഹകന്‍ ആന്‍ഡ്രു കോമിന്‍ ഇര്‍വിന്റെ കാല്‍പാദം കണ്ടെത്തി. കഴിഞ്ഞ മാസം, ഒരു നാഷണല്‍ ജിയോഗ്രാഫിക് ഡോക്യുമെന്ററി ചിത്രീകരിക്കുന്ന പര്‍വതാരോഹകരുടെ സംഘമാണ് ഈ നിര്‍ണായക കണ്ടത്തല്‍ നടത്തിയത്. 1924 ജൂണില്‍ ജോര്‍ജ്ജ് മല്ലോറിക്കൊപ്പം എവറസ്റ്റ് കീഴടക്കാനുള്ള ശ്രമത്തിനിടെയാണ് ഇര്‍വിനെ കാണാതായത്. ഒപ്പമുണ്ടായിരുന്ന ജോര്‍ജിന്റെ മൃതദേഹം 1999-ല്‍ കണ്ടെത്തിയിരുന്നു.

പര്‍വതാരോഹണത്തിലെ ഏറ്റവും വലിയ രഹസ്യങ്ങളിലൊന്ന് പരിഹരിക്കാന്‍ ഈ കണ്ടത്തല്‍ സഹായിച്ചേക്കാം എന്നാണ് വിദഗ്ധര്‍ പറയുന്നത്. ടെന്‍സിംഗും എഡ്മണ്ട് ഹിലാരിയും എവറസ്റ്റ് കീഴടക്കുന്നതിന് 29 വര്‍ഷം മുമ്പ് ഇവര്‍ എവറസ്റ്റ് കീഴടക്കിയെന്ന അഭ്യൂഹം ഇന്നും നിലനില്‍ക്കുന്നുണ്ട്. കാണാതാകുന്ന സമയത്ത് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയായിരുന്നു ആന്‍ഡ്രു കോമിന്‍ ഇര്‍വിന്‍.

എന്നെങ്കിലും ഒരിക്കല്‍ തങ്ങളെ തേടിയെത്തും എന്ന് പ്രതീക്ഷിച്ചിരുന്ന ഒരു സന്ദേശമാണിതെന്നാണ് ശരീരഭാഗം കണ്ടെത്തിയതിനോട് ഇര്‍വിന്റെ കുടുംബം പ്രതികരിച്ചത്. ആദ്യം കേട്ടപ്പോള്‍ തങ്ങള്‍ മരവിച്ചു പോയി എന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. പ്രശസ്ത സാഹസികന്‍ ജിമ്മി ചിന്‍ നയിച്ച നാഷണല്‍ ജിയോഗ്രാഫിക് ടീമാണ് മഞ്ഞുപാളികള്‍ക്കുള്ളില്‍ നിന്ന് ഒരു ബൂട്ടും അതിനുള്ളില്‍ കാല്‍പാദവും കണ്ടെത്തിയത്.

തന്റെ ജീവിതത്തിലെ ഏറ്റവും വൈകാരിക നിമിഷം എന്നാണ് ജിമ്മി ചിന്‍ ആ നിമിഷത്തെ വിശേഷിപ്പിച്ചത്. ബൂട്ടിനുള്ളില്‍ കണ്ടെത്തിയ സോക്‌സില്‍ എ സി ഇര്‍വിന്‍ എന്ന് രേഖപ്പെടുത്തിയിരുന്നതില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. ഡിഎന്‍എ സാമ്പിള്‍ പരിശോധന നടക്കുകയാണിപ്പോള്‍.

മുമ്പും നിരവധി പര്‍വ്വതാരോഹക സംഘങ്ങള്‍ ഇര്‍വിന്റെ മൃതദേഹത്തിനായി തിരച്ചില്‍ നടത്തിയിരുന്നു. ഇര്‍വിന്റെ കൈവശം ഒരു ക്യാമറയും അതില്‍ ഡവലപ് ചെയ്യാത്ത ഫിലിമും ഉണ്ടായിരുന്നതിനാല്‍ മൃതദേഹം കണ്ടുകിട്ടിയാല്‍ ഇരുവരും എവറസ്റ്റ് കീഴടക്കിയെന്നതിന്റെ തെളിവ് കിട്ടുമെന്ന പ്രതീക്ഷയില്‍ ആയിരുന്നു ആ തിരച്ചിലുകള്‍ ഒക്കെയും. ബൂട്ടിന്റെ കണ്ടെത്തല്‍ അദ്ദേഹത്തിന്റെ ശരീരവും ക്യാമറയും കണ്ടെത്തുന്നതിനുള്ള ആദ്യപടിയാകുമോ എന്ന് കാത്തിരുന്നു കാണാം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments