മുംബൈ: വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി അയച്ച സംഭവത്തില്‍ അറസ്റ്റിലായ 17-കാരനെ സഹതടവുകാരന്‍ ലൈംഗികമായി പീഡിപ്പിച്ചു. മൂന്നു അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി അയച്ച സംഭവത്തിലാണ് ഛത്തീസ്ഗഡ് രാജ്‌നന്ദ്ഗാവ് സ്വദേശിയായ 17-കാരനെ പോലീസ് കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തത്.
ഇയാളെ മുംബൈയിലെ ജുവനൈല്‍ ഹോമിലാണ് പാര്‍പ്പിച്ചിരുന്നത്. അവിടെവച്ചാണ് പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു തടവുകാരന്‍ കുട്ടിയെ പീഡിപ്പിച്ചത്. സാമ്പത്തിക തര്‍ക്കത്തെത്തുടര്‍ന്ന് ഒരു പലചരക്ക് കടയുടമയോട് പകവീട്ടാന്‍ വേണ്ടി അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്ത് അതിലൂടെ ഭീഷണി സന്ദേശമയച്ചതിനാണ് ഈ കൗമാരക്കരനെ അറസ്റ്റ് ചെയ്തത്.
കുളിമുറിയില്‍ പോയപ്പോഴാണ് പതിനാറുകാരന്‍ കുട്ടിയെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവം അറിഞ്ഞ ഉടന്‍ ജുവൈനല്‍ ഹോമിലെ അധികൃതര്‍ ഡോംഗ്രി പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചതിന് ഡോംഗ്രി പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി മുംബൈ പോലീസ് അറിയിച്ചു. പോക്സോ നിയമത്തിലെ 4, 8, 12 വകുപ്പുകള്‍ പ്രകാരമാണ് പതിനാറുകാരന് എതിരെ കേസ് എടുത്തിരിക്കുന്നത്. സുരക്ഷാ വീഴ്ചയെ കുറിച്ച് കണ്ടെത്താന്‍ കുട്ടികളുടെ ജുവനൈല്‍ ഹോമിലെ അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സുഹൃത്തുമായുള്ള സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നാണ് പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥി വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി അയച്ചത്. സുഹൃത്തിനോട് പകരം വീട്ടാന്‍ അയാളുടെ പേരില്‍ വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകളുണ്ടാക്കി ഭീഷണി സന്ദേശം അയയ്ക്കുകയായിരുന്നു. ഭീഷണി ലഭിച്ചതിനെ തുടര്‍ന്ന് രണ്ട് വിമാനങ്ങള്‍ വൈകുകയും ഒരു വിമാനത്തിന്റെ യാത്ര റദ്ദാക്കുകയും ചെയ്തിരുന്നു.