കൊച്ചി: കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍നിന്ന് പ്രധാനമന്ത്രി മോദിയുടെ ചിത്രം ഒഴിവാക്കണമെന്ന ആവശ്യം അപകടകരമാണെന്ന് ഹൈക്കോടതി. കോട്ടയം സ്വദേശിയായ പീറ്റര്‍ മയേലിപ്പറമ്പില്‍ നല്‍കിയ ഹര്‍ജിപരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് എന്‍ നരഗേഷ് പറഞ്ഞത്.
ഇത് വളരെ അപകടകരമാണെന്നും കറന്‍സി നോട്ടുകളില്‍നിന്ന് ഗാന്ധിജിയെ ഒഴിവാക്കണം എന്ന ആവശ്യവുമായി നാളെ ഒരാള്‍ വന്നാല്‍ എന്തു ചെയ്യുമെന്നും കോടതി ചോദിച്ചു. ഒരാള്‍ അധ്വാനിച്ചുണ്ടാക്കുന്ന പണത്തില്‍ ഗാന്ധിജിയുടെ ചിത്രം വേണ്ടെന്ന് പറഞ്ഞാല്‍ എന്തു സംഭവിക്കുമെന്നും കോടിതി ചോദിച്ചു.
എന്നാല്‍ കറന്‍സിയില്‍ മഹാത്മാഗാന്ധിയുടെ ഫോട്ടോ പതിക്കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചട്ടങ്ങള്‍ പ്രകാരമാണെന്നും. എന്നാല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നരേന്ദ്ര മോദിയുടെ ചിത്രം വെക്കുന്നതിന് നിയമപരമായ വ്യവസ്ഥകളില്ലെന്നും അഭിഭാഷകന്‍ മറുപടി നല്‍കി. ഹര്‍ജിയില്‍ പ്രതികരണം അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ കൂടുതല്‍ സമയം വേണമെന്ന ആവശ്യം ഉന്നയിച്ചതോടെ കേസ് നവംബര്‍ 23ന് പരിഗണിക്കാനായി കോടതി മാറ്റി.
കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോ ഒരു പ്രയോജനവും നല്‍കുന്നില്ലെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. ഒരു വ്യക്തിയുടെ വാക്‌സിനേഷന്‍ സ്റ്റാറ്റസ് സ്ഥിരീകരിക്കാന്‍ മാത്രമായി നല്‍കുന്ന സര്‍ട്ടിഫിക്കറ്റാണിത്. മറ്റ് രാജ്യങ്ങള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകലില്‍ ഇത്തരം പടങ്ങളൊന്നുമില്ലെന്നും ഇതിന് പ്രസക്തിയില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
പണം നല്‍കിയാണ് വാക്‌സിന്‍ എടുത്തത്. വാക്‌സിനേഷന്‍ നല്‍കുന്നതില്‍ സര്‍ക്കാരിന്റെ സബ്‌സിഡിയോ തുകയോ ലഭിച്ചിട്ടില്ലെന്നും പിന്നെന്തിനാണ് സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോയെന്നും ഹര്‍ജിക്കാരന്‍ ചോദിച്ചു. വാസ്തവത്തില്‍, സൗജന്യ വാക്‌സിന്‍ സ്ലോട്ടുകള്‍ ലഭ്യമല്ലാത്തതാണ് ഹര്‍ജിക്കാരനെ പണമടച്ചുള്ള വാക്‌സിനേഷന്‍ തിരഞ്ഞെടുക്കുന്നതിലേക്ക് നയിച്ചത്.
വീട് തോറും വാക്‌സിനേഷന്‍ ഡ്രൈവ് ആശയവുമായി പ്രധാനമന്ത്രി പണമടച്ചുള്ള വാക്‌സിന്‍ സ്വീകര്‍ത്താവിന് നല്‍കുന്ന സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോ ചേര്‍ത്ത് ക്രെഡിറ്റ് അവകാശപ്പെടാന്‍ അവകാശമില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. കോവിഡിനെതിരായ ദേശീയ പ്രചാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു വേണ്ടിയുള്ള പ്രചാരണമായി മാറിയിരിക്കുകയാണെന്നും ഹര്‍ജിയില്‍ പറയുന്നു.
രാഷ്ട്രീയ നേതാക്കളെ വാഴ്ത്തുന്നതിനായി ഇത്തരം പ്രചാരണം നടത്തുന്നത് സുപ്രീംകോടതി വിലക്കിയിട്ടുള്ളതാണെന്നും പ്രധാനമന്ത്രിയുടെ ചിത്രം വേണ്ടാത്തവര്‍ക്ക് അതില്ലാതെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍ കഴിയുംവിധം കോവിന്‍ പോര്‍ട്ടലില്‍ മാറ്റം വരുത്താന്‍ ഉത്തരവിടണമെന്നാണ് പീറ്റര്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.
വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ മോദിയുടെ ചിത്രം വയ്ക്കുന്നതിനെതിരെ പ്രതിപക്ഷകക്ഷികളടക്കം നേരത്തെ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. ഇതിനുപുറമെ വിദേശരാജ്യങ്ങലേക്കു പോകുന്ന ഇന്ത്യക്കാര്‍ക്ക് ഇതു നിയമക്കുരുക്കായും മാറുകയും ചെയ്തിരുന്നു.