ന്യൂഡല്‍ഹി: ഇന്ത്യയില്‍ പെട്രോള്‍-ഡീസല്‍ വില കുറയും. പെട്രോള്‍-ഡീസല്‍ എക്‌സൈസ് ഡ്യൂട്ടിയില്‍ കുറവ് വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് കഴിഞ്ഞ കുറേ മാസങ്ങളായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ധന വില കുറയാന്‍ പോവുന്നത്. പെട്രോളിന്റെ എക്‌സൈസ് ഡ്യൂട്ടി ഇനത്തില്‍ 5 രൂപയാണ് കുറച്ചത്.
അതേസമയം ഡീസലിന്റെ എക്‌സൈസ് ഡ്യൂട്ടി ഇനത്തില്‍ 10 രൂപയാണ് വരുത്തിയിരിക്കുന്നത്. പുതിയ നിരക്കുകള്‍ ഇന്ന് അര്‍ധ രാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. കേന്ദ്ര സര്‍ക്കാറിന്റെ ദീപാവലി സമ്മാനമെന്നാണ് തീരുമാനത്തെ ബിജെപി നേതാക്കള്‍ വിശേഷിപ്പിച്ചത്.
ഇന്ധന വില തുടര്‍ച്ചയായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യവ്യാപകമായ പ്രതിഷേധം തുടര്‍ന്ന് വരുന്ന സാഹചര്യത്തില്‍ കൂടിയാണ് കേന്ദ്ര സര്‍ക്കാറിന്റെ നീക്കം. ഡീസലിന്റെ എക്‌സൈസ് ഡ്യൂട്ടി ഇനത്തില്‍ കുറവ് വരുത്താന്‍ കേന്ദ്രം തയ്യാറാവണമെന്നായിരുന്നു പ്രതിപക്ഷത്തിന്റേയും ആവശ്യം. വരും ദിവസങ്ങളില്‍ ഈ ആവശ്യം ഉയര്‍ത്തി പ്രതിഷേധം ശക്തമാക്കാനും പ്രതിപക്ഷം തീരുമാനിച്ചിരുന്നു.
അതേസമയം, കേരളത്തില്‍ 110 രൂപയ്ക്ക് മുകളിലാണ് എല്ലാ ജില്ലകളിലും പെട്രോള്‍ വില. സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പെട്രോള്‍ വില ഇന്ന് തിരുവനന്തപുരത്താണ്. 112 രൂപ 41 പൈസയാണ് തലസ്ഥാനത്തെ പെട്രോള്‍ വില. സെപ്റ്റംബര്‍ 24 മുതലാണ് അടിക്കടിയുള്ള വര്‍ധനവ് ഉണ്ടാവാന്‍ തുടങ്ങിയത്.
കഴിഞ്ഞ 10 മാസത്തിനിടെ പെട്രോള്‍ വില 26.06 രൂപയും ഡീസല്‍ വില 25.91 രൂപയുമാണ് വര്‍ധിച്ചത്. ദില്ലിയില്‍ നിലവില്‍ പെട്രോള്‍ വില ലിറ്ററിന് 110.04 രൂപയും ഡീസലിന് 98.42 രൂപയുമാണ്. മുംബൈയില്‍ പെട്രോളിന് 115.85 രൂപ, ഡീസലിന് 106.62 രൂപ.