ഭുവനേശ്വര്‍: ഒഡീഷയില്‍ വിജിലന്‍സ് റെയ്ഡിനായി വീട്ടിലെത്തിയപ്പോള്‍ 20 ലക്ഷമടങ്ങിയ ബാഗ് അയല്‍വാസിയുടെ ടെറസിലേക്ക് വലിച്ചെറിഞ്ഞ് സര്‍ക്കാര്‍ എന്‍ജിനീയര്‍. പൊലീസ് ഹൗസിങ് ആന്‍ഡ് വെല്‍ഫയര്‍ കോര്‍പ്പറേഷന്റെ ഡെപ്യൂട്ടി മാനേജരായ പ്രതാപ് കുമാര്‍ സമല്‍ ആണ് പണമടങ്ങിയ ബാഗ് അടുത്ത വീട്ടിലേക്ക് വലിച്ചെറിഞ്ഞത്.
വരവില്‍ കവിഞ്ഞ സ്വത്ത് കൈവശം വെച്ചതിനാണ് പ്രതാപ് കുമാറിന്റെ ഉടമസ്ഥതയിലുളള സ്ഥലങ്ങളില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയത്. റെയ്ഡിനായി വീട്ടിലെത്തിയപ്പോള്‍ പരിഭ്രാന്തനായ ഇയാള്‍ പണം ഒളിപ്പിക്കാന്‍ ശ്രമിക്കുകയും അയല്‍ക്കാരന്റെ വീട്ടിലേക്ക് ബാഗ് വലിച്ചെറിയുകയുമായിരുന്നു എന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇയാളുടെ വീട്ടില്‍ നിന്ന് 18 ലക്ഷം രൂപയും വലിച്ചെറിഞ്ഞ പണവും പിടിച്ചെടുത്തതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഭുവനേശ്വറിലേയും ഭദ്രക്കിലേയും പത്ത് സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡില്‍ ഇയാളുടേയും ഭാര്യയുടേയും പേരിലുളള 38.12 ലക്ഷം രൂപയും പിടച്ചെടുത്തിട്ടുണ്ട്.
3.89 കോടി വിലമതിക്കുന്നതാണ് പ്രതാപ് കുമാറിന്റെ ഭുവനേശ്വറിലുളള കെട്ടിടം. റെയ്ഡ് പുരോഗമിക്കുന്നതിനാല്‍ ഇയാളുടെ ഉടമസ്ഥലയിലുള്ള സ്വത്തുവകകളുടെ മൂല്യനിര്‍ണയം പൂര്‍ത്തിയായിട്ടില്ലെന്നും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.