ഖജ്‌റാന: കോടീശ്വരനായ ഭര്‍ത്താവിനേയും മക്കളേയും ഉപേക്ഷിച്ച് മധ്യപ്രദേശില്‍ ഓട്ടോ ഡ്രൈവറായ കാമുകനൊപ്പം മുങ്ങിയ ഭാര്യവീട്ടില്‍ തിരിച്ചെത്തി. ഒളിച്ചോടി 26 ദിവസത്തിന് ശേഷം വീട്ടിലേക്ക് മടങ്ങിയെത്തിയ ഭാര്യയെ ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ് ഭര്‍ത്താവ് ചെയ്തത്. കഴിഞ്ഞ മാസം പതിമൂന്നിനാണ് ഖജ്‌റാന സ്വദേശിയായ യുവതി വീട്ടില്‍ നിന്നും 48 ലക്ഷവുമായി കാമുകനൊപ്പം മുങ്ങിയത്.
46 വയസുള്ള ഈ യുവതിയും 13 വയസ്സ് കുറവുളള ഓട്ടോ ഡ്രൈവറും തമ്മില്‍ ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. തന്റെ പക്കലുള്ള പണവും സ്വര്‍ണ്ണവുമായി ഭാര്യ ഒളിച്ചോടിയെന്ന് മനസ്സിലായതോടെ ഭര്‍ത്താവ് പൊലീസില്‍ പരാതിയും നല്‍കിയിരുന്നു.
ഈ പരാതിയിന്മേല്‍ പൊലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് 26 ദിവസങ്ങള്‍ക്ക് ശേഷം യുവതി വീട്ടില്‍ തിരിച്ചെത്തിയത്. ഓട്ടോ ഡ്രൈവര്‍ക്കൊപ്പം പ്രതീക്ഷിച്ച രീതിയിലുള്ള ജീവിതമായിരുന്നില്ല യുവതിക്ക് ലഭിച്ചത്. അവിടെ ദുരിതപൂര്‍ണമായ ജീവിതമാണ് നയിച്ചത്. ധാരാളം സ്വത്തുള്ള കുടുംബത്തില്‍ ജീവിച്ചതിനാല്‍ ഒളിച്ചോടിയുളള ജീവിതം ഇവര്‍ക്ക് സഹിക്കാനായില്ല. അതുകൊണ്ടാണ് തിരികെ വീട്ടിലേക്ക് തന്നെ വന്നത് എന്ന് യുവതി പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
ഇരുവരും വീടുവിട്ടിറങ്ങിയതിന് ശേഷം ആദ്യം പോയത് പിതാംപൂരിലേക്കാണ്. പിന്നീട് ജോറ, ഷിര്‍ദി, ലോണാവ്‌ല, നാസിക്, വഡോദര, സൂറത്ത് എന്നീ സ്ഥലങ്ങളില്‍ മാറിമാറി താമസിക്കുകയായിരുന്നു. വീട്ടില്‍ നിന്നും കൊണ്ടുപോയ 48 ലക്ഷം രൂപയില്‍ നിന്ന് പതിമൂന്ന് ലക്ഷം രൂപയോളം ഇവര്‍ ചിലവാക്കിയിട്ടുണ്ട്.
ഈ പണം ഉപയോഗിച്ച് ടാക്‌സി വാടകയ്‌ക്കെടുത്തായിരുന്നു ഇവരുടെ നാടു ചുറ്റല്‍ എന്ന് പൊലീസ് പറയുന്നു. എന്തായാലും യുവതി തിരിച്ചെത്തിയെങ്കിലും ഓട്ടോ ഡ്രൈവറെ ഇതുവരെ പൊലീസിന് പിടികൂടാന്‍ സാധിച്ചിട്ടില്ല.