ുംബൈ: വിഗ്രഹം തൊട്ടു വന്ദിച്ച് ക്ഷേത്രത്തിലെ പണപ്പെട്ടിയുമായി മുങ്ങി കള്ളന്‍. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. മഹാരാഷ്ട്രയിലെ താനെയില്‍ ഖോപത് പ്രദേശത്തെ ഹനുമാന്‍ ക്ഷേത്രത്തിലാണ് സംഭവം. വീഡിയോ പ്രചരിച്ചതോടെ നൗപദ പൊലീസ് പ്രതിയെ പിടികൂടുകയും ചെയ്തു.
ക്ഷേത്രത്തിനകത്ത് പ്രവേശിച്ചതിന് ശേഷം വളരെ പരുങ്ങലോടെയാണ് കള്ളന്‍ പെരുമാറുന്നത്. ഇതിനിടെ മൊബൈലില്‍ അകത്തെ ചിത്രങ്ങള്‍ പകര്‍ത്തുന്നുമുണ്ട്. തുടര്‍ന്ന് പ്രാര്‍ഥിക്കാനെന്ന വ്യാജേന വിഗ്രഹം തൊട്ടു വന്ദിച്ചുകൊണ്ട് പരിസരത്ത് ആരെങ്കിലുമുണ്ടോയെന്ന് വീക്ഷിക്കുന്നു. ഇതിനിടെയാണ് ക്ഷേത്രത്തിലെ പണപ്പെട്ടിയെടുത്ത് ഓടുന്നത്.
ഈ മാസം ഒന്നാം തീയതിയാണ് സംഭവം നടക്കുന്നത്. ക്ഷേത്രത്തിന്റെ വാതില്‍ പൊളിച്ച് മോഷ്ടാവ് അകത്തുകടക്കുകയായിരുന്നു. ശേഷം പണപ്പെട്ടിയില്‍നിന്ന് 1000 രൂപ കവര്‍ന്നെന്ന് പൊലീസ് പറഞ്ഞു. വീഡിയോയില്‍ മോഷ്ടാവ് ക്ഷേത്രത്തിനകത്ത് പ്രവേശിക്കുന്നതും വിഗ്രഹത്തിന്റെ കാലില്‍ തൊട്ട് നമസ്‌കരിക്കുന്നതും കാണാം.
വിക്രം ഗോഖലെ ക്ഷേത്രം മേല്‍നോട്ടക്കാരന്റെ പരാതിയിലാണ് പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ദിവസം പ്രതിയെ പിടികൂടുകയും ചെയ്തു. ഇയാളില്‍നിന്ന് മോഷണം പോയ പണം കണ്ടെടുത്തതായും പൊലീസ് പറഞ്ഞു.