ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിന്റെ വീടിന് നേരെ ആക്രമണം. അതിക്രമിച്ച് കയറിയ അക്രമികള്‍ വീടീന് നേരെ കല്ലേറ് നടത്തുകയും വാതില്‍ തീയിട്ട് നശിപ്പിക്കുകയും ചെയ്തു. സല്‍മാന്‍ ഖുര്‍ഷിദിന്റെ നൈനിറ്റാളിലെ വസതിക്ക് നേരെയാണ് അക്രണം നടന്നത്.
അയോധ്യയെക്കുറിച്ചുള്ള ഖുര്‍ഷിദിന്റെ സണ്‍റൈസ് ഓവര്‍ അയോധ്യ; നാഷന്‍ഹുഡ് ഇന്‍ അവര്‍ ടൈംസ് എന്ന പുതിയ പുസ്തകത്തിലെ പരാമര്‍ശം അടുത്തിടെ വിവാദമായിരുന്നു. ഹിന്ദുത്വവും ഐഎസ്‌ഐഎസും സമാനമാണെന്ന് സല്‍മാന്‍ ഖുര്‍ഷിദിന്റെ നിലപാടിനെതിരെ മുതിര്‍ന്ന ബിജെപി നേതാക്കള്‍ ഉള്‍പ്പടെ രംഗത്ത് എത്തുകയും പുസ്തകം നിരോധിക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
പുതിയ പുസ്തകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തെലുങ്കാനയില്‍ ബിജെപിയുടെ നിയമസഭാ കക്ഷി നേതാവായ രാജാ സിങ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സല്‍മാന്‍ ഖുര്‍ഷിദിന്റെ വീടിന് നേരെ അക്രമം നടന്നത്.
അക്രമത്തിന്റെ ദൃശ്യങ്ങള്‍ സല്‍മാന്‍ ഖുര്‍ഷിദ് തന്നെയാണ് പുറത്ത് വിട്ടത്. ഫേസ്ബുക്കില്‍ ഖുര്‍ഷിദ് പങ്കുവെച്ച ദൃശ്യങ്ങളില്‍ വീട്ടില്‍ തീജ്വാലകള്‍ ഉയരുന്നതും കത്തിയ വാതിലുകളും തകര്‍ന്ന ജനല്‍ പാളികളും കാണാന്‍ കഴിയും. രണ്ട് പേര്‍ വെള്ളം ഒഴിച്ച് തീ അണയ്ക്കാന്‍ ശ്രമിക്കുന്നതെന്നും പുറത്ത് വന്ന വീഡിയോയില്‍ വ്യക്തമാണ്.
ഖുര്‍ഷിദിന്റെ പരാമര്‍ശം ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും മുസ്ലീം വോട്ടുകള്‍ ഉറപ്പിക്കാന്‍ കോണ്‍ഗ്രസ് വര്‍ഗീയ രാഷ്ട്രീയം പ്രയോഗിക്കുകയാണെന്നും ബിജെപി ആരോപിച്ചിച്ചിരുന്നു. തൊട്ടുപിന്നാലെ, സല്‍മാന്‍ ഖുര്‍ഷിദിന് പിന്തുണയുമായി രാഹുല്‍ ഗാന്ധി രംഗത്ത് എത്തുകയും ചെയ്തു.