മുംബൈ: പൂച്ചകളുടെ കൂട്ടക്കരച്ചില്‍ കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചു. മുംബൈയിലെ പന്ത്‌നഗറിലാണ് സംഭവം. അഴുക്കുചാലിന് സമീപം പൂച്ചകള്‍ കൂട്ടംകൂടി കരയുന്നത് കണ്ട പ്രദേശവാസികളാണ് ആദ്യം അവിടേക്ക് ശ്രദ്ധിക്കുന്നത്.
പൂച്ചകളുടെ കൂട്ടക്കരച്ചില്‍ സംബന്ധിച്ച് നാട്ടുകാര്‍ പന്ത്‌നഗര്‍ പൊലീസ് സ്‌റ്റേഷനില്‍ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസാണ് തുണിയില്‍ പൊതിഞ്ഞ നിലയില്‍ ചോര കുഞ്ഞിനെ കണ്ടെത്തിയത്.
നഗരത്തിലെ ക്രൈം ഹോട്ട്സ്പോട്ടുകളില്‍ പട്രോളിംഗ് നടത്തുന്ന മുംബൈ പൊലീസിന്റെ നിര്‍ഭയ സ്‌ക്വാഡ് ആണ് സംഭവസ്ഥലത്തെത്തി കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. രാജവാഡിയിലെ ആശുപത്രിയിലെത്തിച്ച കുഞ്ഞ് സുഖം പ്രാപിച്ച് വരുന്നതായി പൊലീസ് അറിയിച്ചു.
കുഞ്ഞിനെയും എടുത്ത് പൊലീസുകാര്‍ നില്‍ക്കുന്ന ചിത്രവും മുംബൈ പൊലീസ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കുഞ്ഞിന്റെ മാതാപിതാക്കളെ കുറിച്ചോ ഇവിടെ ഉപേക്ഷിച്ചവരെ കുറിച്ചോ കൂ2ുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.