ഭോപ്പാല്‍: മദ്ധ്യപ്രദേശില്‍ കൊറോണ നിയന്ത്രണങ്ങള്‍ പൂര്‍ണമായും എടുത്തുമാറ്റിയെങ്കിലും വാക്‌സിനേഷനില്‍ പൂര്‍ണനേട്ടം കൈവരിക്കുകയെന്ന യജ്ഞത്തില്‍ നിന്നും അധികൃതര്‍ പിന്നോട്ടില്ല. സംസ്ഥാനത്തെ ഖന്ദ്വ ജില്ലയില്‍ മദ്യം ലഭിക്കണമെങ്കില്‍ ബീവറേജസില്‍ എത്തുന്നവര്‍ രണ്ട് ഡോസുകളും സ്വീകരിച്ചിരിക്കണമെന്നാണ് പുതിയ നിര്‍ദേശം.
ജില്ല എക്‌സൈസ് ഓഫീസറാണ് ഇതുസംബന്ധിച്ച ഉത്തരവ് വ്യാഴാഴ്ച പുറപ്പെടുവിച്ചത്. ഖന്ദ്വ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന 74 മദ്യശാലകള്‍ക്കും നിര്‍ദേശം ബാധകമാണെന്ന് ഉത്തരവില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്.
സംസ്ഥാനത്തെ മെഗാ വാക്‌സിനേഷന്‍ ക്യാമ്പയിന് മുതല്‍ക്കൂട്ടാകുന്നതാണ് പുതിയ ഉത്തരവ്. ഇതിനോടകം മദ്ധ്യപ്രദേശിലെ വാക്‌സിനേഷന് അര്‍ഹരായ പകുതിയിലധികം ജനങ്ങള്‍ പ്രതിരോധ കുത്തിവെയ്പ്പിന്റെ ഇരുഡോസുകളും സ്വീകരിച്ചതാണ്. ഡിസംബര്‍ 25ഓടെ മുഴുവനാളുകളിലും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
സംസ്ഥാനത്ത് കൊറോണ നിരക്കുകളും വളരെ കുറഞ്ഞ തോതിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഒത്തുകൂടലുകളില്‍ എത്രപേര്‍ക്ക് വേണമെങ്കിലും പങ്കെടുക്കാമെന്ന നിര്‍ണായക പ്രഖ്യാപനവുമായി സര്‍ക്കാര്‍ മുന്നോട്ട് വന്നത്.