ന്യൂഡല്‍ഹി: എയര്‍ലൈന്‍ കമ്പനിയായ എയര്‍ ഏഷ്യ ഇന്ത്യയെയും എയര്‍ ഇന്ത്യ എക്‌സ്പ്രസിനെയും ലയിപ്പിക്കാന്‍ ഒരുങ്ങി ടാറ്റ. ഇരുകമ്പനികളെയും ചേര്‍ത്ത് ഒറ്റ വ്യോമയാന കമ്പനിയാക്കി മാറ്റാനാണ് ടാറ്റാ പദ്ധതി.
എയര്‍ ഇന്ത്യ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇരു കമ്പനികളുടെയും ലയനം ഉണ്ടായേക്കും. എയര്‍ ഇന്ത്യയെ ടാറ്റ വാങ്ങിയതോടെ, കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഉപകമ്പനിയായ എയര്‍ ഇന്ത്യ എക്‌സ്പ്രസും ടാറ്റയുടെ ഭാഗമായിരുന്നു.
നിലവില്‍ കടുത്ത സാമ്പത്തിക നഷ്ടത്തിലാണ് എയര്‍ ഏഷ്യ ഇന്ത്യ പ്രവര്‍ത്തിക്കുന്നത്. എയര്‍ ഏഷ്യ ഇന്ത്യയില്‍ ടാറ്റയ്ക്ക് 84 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. ഒറ്റ കമ്പനി ആക്കുന്നതോടെ ജീവനക്കാരുടെ പുനര്‍വിന്യാസവും സര്‍വീസുകളുടെ ക്രമീകരണവും നടപ്പാക്കുന്നത് വഴി പരമാവധി വരുമാനം ഉറപ്പാക്കാന്‍ സാധിക്കുമെന്നാണു കണക്കുകൂട്ടല്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മാത്രം നഷ്ടം 1,532 കോടി രൂപയാണ്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 500 കോടി രൂപ ലാഭമുണ്ടാക്കാന്‍ സാധിച്ചിരുന്നു.
പ്രധാനമായും ഗള്‍ഫ് രാജ്യങ്ങളിലേക്ക് കുറഞ്ഞ നിരക്കില്‍ പറക്കുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് മലയാളി പ്രവാസികള്‍ക്കടക്കം ഏറെ സഹായകരമാണ്.എയര്‍ ഇന്ത്യയ്ക്കും എയര്‍ ഏഷ്യയ്ക്കും പുറമെ സിംഗപ്പൂര്‍ എയര്‍ലൈന്‍സുമായി ചേര്‍ന്ന് തുടങ്ങിയ വിസ്താരയിലും ടാറ്റയ്ക്ക് പങ്കാളിത്തമുണ്ട്.
വ്യോമയാന മേഖലയില്‍ വിപുലമായ പ്രവര്‍ത്തനം തുടങ്ങിയതോടെ ഒരു പ്രത്യേക മാനേജ്‌മെന്റ് വിഭാഗം തുടങ്ങാന്‍ ടാറ്റ നടപടി ആരംഭിച്ചു. ഇതിന്റെ ഭാഗമായി വ്യോമയാന മാനേജ്‌മെന്റിന് മാത്രമായി ഒരു തലവനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ടാറ്റ.