അഹമ്മദാബാദ്: ഗുജറാത്തിലെ തുറമുഖ നഗരമായ ഓഖയില്‍ രണ്ട് ചരക്ക് കപ്പലുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. പരസ്പരം ഉളള കൂട്ടിയിടിയില്‍ ചെറിയ തോതിലുള്ള എണ്ണ ചോര്‍ച്ച ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അതേസമയം, കപ്പല്‍ ജീവനക്കാര്‍ക്ക് പരിക്കുകളോ മറ്റ് അപകടങ്ങളോ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
എല്ലാ അംഗങ്ങളും സുരക്ഷിതരാണെന്നും എണ്ണ ചോര്‍ച്ചയോ സമുദ്ര മലിനീകരണമോ ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. രണ്ട് കപ്പലുകളില്‍ ഒന്ന് 183 മീറ്റര്‍ നീളമുള്ള വലിയ എണ്ണ ടാങ്കര്‍ ആയതിനാല്‍ നിരീക്ഷണം നടക്കുന്നുണ്ട്. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെങ്കിലും അടിയന്തര ആവശ്യങ്ങള്‍ക്കായി കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് മലിനീകരണ നിയന്ത്രണത്തിനുള്ള കപ്പലും സജ്ജമാക്കിയിട്ടുണ്ട്.
കോസ്റ്റ് ഗാര്‍ഡ് പറയുന്നത് അനുസരിച്ച്, നവംബര്‍ 26 ന് രാത്രി 9.30 ന്, ഗുജറാത്തിലെ ഓഖയില്‍ നിന്ന് 12 നോട്ടിക്കല്‍ മൈല്‍ അകലെ ആണ് എം വി ഏവിയേറ്ററും എണ്ണരാസ ടാങ്കര്‍ എം.വി അറ്റ്‌ലാന്റിക് ഗ്രേസും തമ്മില്‍ പരസ്പരം കടലില്‍ ഇടിക്കുന്നത്. മാര്‍ഷല്‍ ഐലന്‍ഡില്‍ നിന്ന് എം.വി ഏവിയേറ്റര്‍ വരുമ്പോള്‍ ഹോങ്കോങ്ങില്‍ നിന്നാണ് മറ്റൊരു കപ്പല്‍ ആയ എം.വി അറ്റ്‌ലാന്റിക് ഗ്രേസ് വന്നത്.
കപ്പലുകള്‍ അപകടത്തില്‍പ്പെട്ട വിവരം അറിഞ്ഞ്, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലുകളുടെ ഇന്റര്‍സെപ്റ്റര്‍, ബോട്ട് സി 403 പ്രദേശത്ത് പട്രോളിംഗ് നടത്തുകയും, ഓഖയില്‍ നിന്ന് സി 411 എന്ന ബോട്ട് സമുദ്ര മലിനീകരണം ഉണ്ടാകുന്നോ എന്ന് വിലയിരുത്തുന്നതിനായി പ്രദേശത്ത് സ്ഥിതി വിലയിരുത്താന്‍ നിയോഗിച്ചു.
തീര സംരക്ഷണ സേനയുടെ മലിനീകരണ നിയന്ത്രണ കപ്പല്‍ ഐ സി ജി എസ് സമുദ്രത്തിലെ എണ്ണ മലിനീകരണം വിലയിരുത്തുന്നതിനും പ്രതിരോധ നടപടികള്‍ക്കും വേണ്ടി വഴി തിരിച്ചു വിട്ടു. ഒപ്പം ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്ററും മലിനീകരണം വിലയിരുത്തുന്നതിന് സഹായം നല്‍കുകയും ചെയ്യുന്നു.
അതേസമയം, സംഭവം നടന്ന പ്രദേശത്തെ വിലയിരുത്താന്‍ വേണ്ടി വിന്യസിച്ചിരിക്കുന്ന ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കപ്പലുകള്‍ /ഹെലികോപ്റ്ററുകള്‍ രണ്ട് വ്യാപാര കപ്പലുകളില്‍ നിന്നും എണ്ണ ചോര്‍ച്ചയോ സമുദ്ര മലിനീകരണമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല, എം വി അറ്റ്‌ലാന്റിക്കില്‍ 21 ഇന്ത്യക്കാരും ഫിലിപ്പീന്‍സില്‍ നിന്നുള്ള 22 പേരും എംവി ഏവിയേറ്ററില്‍ ക്രൂ അംഗങ്ങളായി ഉണ്ട്.