മുംബൈ: അനില്‍ അംബാനിയുടെ കീഴിലുള്ള റിലയന്‍സ് ക്യാപിറ്റല്‍ പാപ്പരായതായി പ്രഖ്യാപിക്കാന്‍ നടപടി ആരംഭിച്ച് റിസര്‍വ് ബാങ്ക്. കമ്പനി കടമെടുത്ത തുക തിരിച്ചടയ്ക്കുന്നതില്‍ തുടര്‍ച്ചയായി വീഴ്ചവരുത്തിയതിനാല്‍ ഭരണസമിതി അസാധുവായതായി റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചു.
ഇതിനെ തുടര്‍ന്ന് ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വൈ നാഗേശ്വര റാവുവിനെ കമ്പനി അഡ്മിനിസ്‌ട്രേറ്ററായി നിയമിക്കുകയും ചെയ്തു. വായ്പാ തിരിച്ചടവ് മുടക്കിയ കമ്പനിയില്‍ ‘ഗുരുതര ഭരണപ്രശ്‌നം’ ഉള്ളതായി റിസര്‍വ് ബാങ്ക് വാര്‍ത്താ കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
നിലവില്‍ അഡ്മിനിസ്‌ട്രേറ്ററെ പാപ്പരത്വപ്രക്രിയ ആരംഭിക്കുന്നതിന് ചുമതലപ്പെടുത്താന്‍ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിന്റെ മുംബൈ ബെഞ്ചിന് റിസര്‍വ് ബാങ്ക് ഇനി അപേക്ഷ നല്കും. അതേസമയം, ലോകത്തെ അതിസമ്പന്ന പട്ടികയില്‍ ആറാം സ്ഥാനത്തുവരെ എത്തിയ അനില്‍ അംബാനി 2020 ഫെബ്രുവരിയില്‍ ബ്രിട്ടീഷ് കോടതിയില്‍ പാപ്പര്‌സ്യൂട്ട് ഫയല്‍ ചെയ്തിരുന്നു.
വളരെ ദുരൂഹമായ നീക്കമായ് ഇതിനെ രാജ്യാന്തര ധനകാര്യമാധ്യമങ്ങള്‍ കാണിക്കുകയും ചെയ്തിരുന്നു. 58,000 കോടി രൂപയുടെ റഫാല്‍ യുദ്ധവിമാനക്കരാറില്‍ അനില്‍ അംബാനി തട്ടിക്കൂട്ടിയ പ്രതിരോധനിര്‍മാണ കമ്പനി റിലയന്‍സ് ഡിഫന്‍സിന് ശതകോടികളുടെ ഉപകരാര്‍ ലഭിച്ചതും ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു.