ദില്ലി: നോട്ടുനിരോധനത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാതെ കേന്ദ്ര സര്‍ക്കാര്‍. നോട്ടുനിരോധനത്തിന്റെ വിവിധ വശങ്ങള്‍ വിശദീകരിച്ച് എന്തുകൊണ്ട് ആ പ്രഖ്യാപനം നടത്തിയെന്ന് വിശദീകരിച്ചായിരുന്നു സുപ്രീം കോടതിയില്‍ കേന്ദ്രം സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടിയിരുന്നത്
എന്നാല്‍ മറുപടിയില്ലാത്ത അവസ്ഥയിലാണ് കേന്ദ്രം.
ഇതോടെ സുപ്രീം കോടതി വാദം കേള്‍ക്കുന്നത് വീണ്ടും നീട്ടി. നവംബര്‍ 24നാണ് ഇനി വാദം കേള്‍ക്കുക. എന്നാല്‍ സുപ്രീം കോടതി ബെഞ്ച് കടുത്ത അതൃപ്തി ഇക്കാര്യത്തില്‍ രേഖപ്പെടുത്തി. എന്നാല്‍ സത്യവാങ്മൂലത്തിന്റെ കാര്യത്തില്‍ കേന്ദ്രത്തിന്റെ ഹര്‍ജി ജസ്റ്റിസുമായ അബ്ദുള്‍ നസീര്‍, ബിആര്‍ ഗവായ്, എസ്‌എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യന്‍, ബിവി നാഗരത്‌ന എന്നിവരടങ്ങുന്ന ബെഞ്ച് അംഗീകരിച്ചു.
ഒരു ഭരണഘടനാ ബെഞ്ച് സാധാരണഗതിയില്‍ ഇങ്ങനൊരു വിഷയം മാറ്റിവെക്കാറില്ല. ഒരിക്കല്‍ തുടങ്ങി വെച്ച കാര്യം പൂര്‍ത്തിയാക്കാതെ എഴുന്നേല്‍ക്കാറില്ലായിരുന്നു. ഇങ്ങനൊരു സംഭവം കോടതിക്ക് നാണക്കേടുണ്ടാക്കുന്നതാണെന്നും ജസ്റ്റിസുമാര്‍ അഭിപ്രായപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ എജി ആര്‍ വെങ്കട്ടരമണി കൂടുതല്‍ സമയം ആവശ്യപ്പെട്ടു.
ഇങ്ങനൊരു കേസ് നീട്ടി വെക്കുന്നതിലുള്ള ഖേദവും എജി കോടതിയെ അറങിയിച്ചു. അതേസമയം കേന്ദ്രത്തിന്റെ അഭ്യര്‍ത്ഥനയെ തള്ളിക്കളയണമെന്ന് മുതിര്‍ന്ന അഭിഭാഷകനായ ശ്യാം ദിവാന്‍ പറഞ്ഞു. ഭരണഘടനാ ബെഞ്ചിന് മുന്നില്‍ നടപടികള്‍ വൈകിപ്പിക്കാന്‍ ഹര്‍ജി നല്‍കുന്നത് കേട്ട് കേള്‍വി പോലുമില്ലാത്ത കാര്യമാണ് ശ്യാം പറഞ്ഞു.
കേന്ദ്രത്തിനോടും റിസര്‍വ് ബാങ്കിനോടും ഒരാഴ്ച്ചയ്ക്കുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. അഞ്ചംഗ ബെഞ്ച് തങ്ങളുടെ അതൃപ്തി പരസ്യമാക്കുകയും ചെയ്തു.
സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങള്‍ നിയമപരമായി പരിശോധിക്കുന്നതിനുള്ള ലക്ഷമണ രേഖയെ കുറിച്ച് ഞങ്ങള്‍ക്കറിയാം. എന്നാലും സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കേണ്ടതുണ്ട്. വിശദമായ റിപ്പോര്‍ട്ട് തന്നെ കേന്ദ്രവും ആര്‍ബിഐയും സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.